
ന്യൂഡൽഹി: മണ്ഡലപുനർനിർണയ, വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ സർക്കാർ ഈ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരാൻ കേന്ദ്രനീക്കം തകൃതി. ഇതിനായി വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി ഓഗസ്റ്റ് 16 മുതൽ 18 വരെയോ 17-ന് മാത്രമായോ സമ്മേളനം വിളിച്ചുചേർത്തേക്കുമെന്ന സൂചനയുമുണ്ട്.
വനിതാ സംവരണ ഭേദഗതിയുടെ ഭാഗമായി ലോക്സഭാ അംഗബലം 850 ആയി ഉയർത്തുന്ന ഭരണഘടനാ ഭേദഗതി പാസാക്കൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എൻ.ഡി.എ.ക്ക് എളുപ്പമല്ല. ഏപ്രിലിൽ ഇതിനായുള്ള ആദ്യശ്രമം ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, പ്രതിപക്ഷ നിരയിൽ വിള്ളൽ സൃഷ്ടിച്ച് ബിൽ കടമ്പകടത്താനുള്ള നീക്കങ്ങൾ സജീവമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടാണ് അതിനു ചുക്കാൻ പിടിക്കുന്നത്. സി.ജെ.പി. പ്രക്ഷോഭത്തിൽ സർക്കാരിനേറ്റ തിരിച്ചടി മറികടക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.
അംഗബലം പ്രശ്‌നം
ലോക്സഭയിൽ 540 എം.പി.മാർ ഹാജരായി വോട്ട് ചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം. നിലവിൽ എൻ.ഡി.എ.ക്ക് പരമാവധി ലഭിക്കുക 324 അംഗങ്ങളുടെ പിന്തുണയാണ്. 22 എം.പി.മാരുള്ള ഡി.എം.കെ.യുടെ വോട്ട് ഉറപ്പാക്കാനുള്ള രഹസ്യനീക്കം ഇതോടെ പ്രധാനമാകുന്നു. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി ഡി.എം.കെ. ഒപ്പംചേർന്നാൽ ബില്ലിന് 346 പേരുടെ പിന്തുണയാകും. പിന്നെയും വേണം 14 പേർ.
രാജ്യസഭയിൽ
244 അംഗ രാജ്യസഭയിൽ എൻ.ഡി.എ.ക്ക് കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്. 164 പേരുടെ പിന്തുണയാണ് വേണ്ടത്.
ഇപ്പോൾ 154 പേരുടെ പിന്തുണയുണ്ട്. വൈ.എസ്.ആർ. കോൺഗ്രസിലെ നാലുപേരുടെ പിന്തുണയും ലഭിച്ചേക്കും. പിന്നെ ആറുപേരുടെ പിന്തുണകൂടി വേണം. ബിൽ പുതിയ രൂപത്തിൽ കൊണ്ടുവരാൻ തീരുമാനിച്ചാൽ രാഷ്ടീയ മലക്കം മറിച്ചിലുകളും കണ്ടേക്കാം.
ഡി.എം.കെ. നിലപാട് നിർണായകം
ഇന്ത്യസഖ്യത്തിൽ കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ഡി.എം.കെ. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ ഇറങ്ങിപ്പോകുകയോ ചെയ്താൽ സഭയിലെ അംഗബലം 518 ആകും. പിന്നെ ഭൂരിപക്ഷത്തിനുവേണ്ടത് 345. ആ സാഹചര്യത്തിൽ 21 പേരുടെ പിന്തുണ കുറവുണ്ടാകും. അതിനാൽ ഡി.എം.കെ.യെക്കൊണ്ട് അനുകൂലിച്ച് വോട്ടുചെയ്യിപ്പിക്കാനാണ് ശ്രമം. ശേഷിക്കുന്ന 14 പേരുടെ പിന്തുണയ്ക്ക് ചെറുപാർട്ടികളെ ചാക്കിടാനുള്ള ശ്രമം തകൃതിയാണ്.
അതിനിടെ, ഭരണപക്ഷത്തിന് പ്രതിസന്ധിയായി എൻ.ഡി.എ. ആയ 20 അംഗ തൃണമൂൽ വിമതക്യാമ്പിൽ ഭിന്നത തുടങ്ങി. ബംഗാളിലെ ജംഗിപൂർ, മുർഷിദാബാദ്, ബഹറാംപൂർ ലോക്സഭാ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഖലീലുർ റഹ്‌മാൻ, അബു താഹെർ ഖാൻ, യൂസഫ് പഠാൻ എന്നീ വിമത തൃണമൂൽ എം.പി.മാർ തുടർച്ചയായി രണ്ടാം തവണയും എൻ.ഡി.എ. യോഗത്തിൽനിന്ന് വിട്ടുനിന്നു. തങ്ങൾ എൻ.ഡി.എ.ക്ക് ഒപ്പമല്ലെന്നും ബി.ജെ.പി.യിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അബു താഹെർ ഖാൻ പറഞ്ഞിരുന്നു. ബംഗാളിൽ ന്യൂനപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണിവർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Government plans to reintroduce the Women's Reservation and Delimitation Bill in the 2026 parliamentary session., The bill proposes increasing Lok Sabha strength to 850 members., NDA faces a shortfall of votes in the Lok Sabha, requiring support from parties like the DMK., Strategic negotiations are underway to secure the necessary two-thirds majority., Internal dissent within the Trinamool rebel camp poses a challenge to the government's vote count.
Published: 06 Aug 2026, 07:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented