ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്സഭയിൽ ഒന്നിച്ച് പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ഈ ഓഗസ്റ്റ് 17-ന് വിളിച്ചുചേർത്തേക്കുമെന്നാണ് റിപ്പോർട്ട്. ഈമാസം 13-ന് മൺസൂൺ സമ്മേളനം അവസാനിച്ചാലും സഭ അനിശ്ചിതകാലത്തേക്ക് പിരിയാൻ സാധ്യതയില്ല. തൊട്ടടുത്ത ദിവസങ്ങളിൽ പ്രത്യേക സമ്മേളനമുണ്ടായേക്കും.
ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയെടുക്കുന്നതിനാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. ആവശ്യമായ അംഗബലം ലഭിച്ചാലുടൻ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനാണ് നീക്കം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയ ബില്ലും അവതരിപ്പിച്ചിരുന്നെങ്കിലും ഇരുസഭകളിലും ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
എന്നാൽ, പിന്നീട് നടന്ന പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ്, ഉദ്ദവ് താക്കറെയുടെ ശിവസേന എന്നിവയിൽനിന്ന് കൂറുമാറ്റങ്ങളുണ്ടായത് എൻ.ഡി.എ.യുടെ നില ശക്തമാക്കി. ഇന്ത്യാ സഖ്യത്തിലുള്ള ഡി.എം.കെ., കോൺഗ്രസുമായി അകന്നതും ബി.ജെ.പി.ക്ക് പ്രതീക്ഷയ്ക്ക് വകനൽകുന്നു. ഇതോടെ ലോക്‌സഭയിൽ 360 എം.പി.മാരുടേയും രാജ്യസഭയിൽ 164 എം.പി.മാരുടേയും ഭൂരിപക്ഷം വേണ്ടിടത്ത്, ആ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറഞ്ഞുവെന്നാണ് എൻ.ഡി.എ.യുടെ അനുമാനം.
കോൺഗ്രസിന്റെകൂടി പിന്തുണ ഉറപ്പാക്കാൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, റിജിജുവിന്റെ ആവശ്യം രാഹുൽ തള്ളി. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണത്തിലും ഡൽഹിയിൽ വിദ്യാർഥികൾക്കുനേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ മൗനം തുടരുന്നതിലും ചർച്ചയില്ലാതെ സഭാനടപടികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റിജിജു ലോക്സഭാ സ്പീക്കർ ഓം ബിർളയുമായും അമിത്ഷായുമായും ചർച്ചനടത്തി.
Published: 05 Aug 2026, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented