ന്യൂഡൽഹി: വനിതാ സംവരണത്തിനുള്ള ബില്ലുകൾ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം എൻ.ഡി.എ.യ്ക്ക് പാർലമെന്റിലില്ല. അതിനാൽ പ്രതിപക്ഷം പിന്തുണയ്ക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാവില്ല. ലോക്‌സഭയിൽ എൻ.ഡി.എ.യ്ക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഭരണഘടനാ ബില്ലുകൾ പാസാക്കാൻ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കണം. ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം. ഏഴ് പേർ സ്വതന്ത്രരും ഏഴ് പേർ വൈ.എസ്.ആർ. കോൺഗ്രസ്, മജ്‌ലിസ് പാർട്ടി, ശിരോമണി അകാലിദൾ എന്നിവയിലുമാണ്. ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല.

To advertise here,

ലോക്‌സഭയിലെ രണ്ട് വലിയ പ്രതിപക്ഷ പാർട്ടികളെങ്കിലും വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നാൽ എൻ.ഡി.എ.യ്ക്ക് ബില്ല് പാസാക്കാൻ സാധ്യതയൊരുങ്ങും. സമാജ് വാദി പാർട്ടി (37), തൃണമൂൽ കോൺഗ്രസ് (28), ഡി.എം.കെ. (22) എന്നിവയിൽ ഏതെങ്കിലും രണ്ട് പാർട്ടികൾ വിട്ടുനിന്നാൽ സർക്കാരിന് സൗകര്യമാകും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 98 അംഗങ്ങളാണുള്ളത്.

ബി.ജെ.പി.ക്ക് ലോക്‌സഭയിൽ 240 അംഗങ്ങളുണ്ട്. സഖ്യകക്ഷികളായ ടി.ഡി.പി.ക്ക് 16-ഉം ജെ.ഡി.യുവിന് 12-ഉം സീറ്റുകളാണ് ലോക്‌സഭയിൽ. ബില്ല് ലോക്‌സഭയിൽ പാസായില്ലെങ്കിൽ രാജ്യസഭയിലേക്ക് പോകില്ല. രാജ്യസഭയിൽ എൻ.ഡി.എ.ക്ക് 141 അംഗങ്ങളുണ്ട്. ആകെ സീറ്റുകളുടെ 58 ശതമാനം. പ്രതിപക്ഷത്തിന് 83 അംഗങ്ങളും രാജ്യസഭയിലുണ്ട്. ബില്ലുകളിൽ പൊതുവേ സർക്കാരിനെ പിന്തുണയ്ക്കാറുള്ള ബി.ആർ.എസ്., വൈ.എസ്.ആർ. കോൺഗ്രസ്, ബി.ജെ.ഡി. എന്നിവർക്കായി 16 സീറ്റുകളുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാലും മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 163 വോട്ടിലേക്കെത്തില്ല. കോൺഗ്രസിന് 28, തൃണമൂൽ കോൺഗ്രസിന് 13, എ.എ.പി.ക്ക് പത്ത്, ഡി.എം.കെ.ക്ക് എട്ട് എന്നിങ്ങനെയാണ് രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തി.