മുംബൈ: 30 ലക്ഷം കോടി രൂപയുടെ ടാറ്റ ഗ്രൂപ്പ് സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയര്‍മാനായി രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയെ നിയമിച്ചിരിക്കുകയാണ്. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് നോയലിനെ പുതിയ മേധാവിയായി തിരഞ്ഞെടുത്തത്. 

To advertise here,

നോയല്‍ നിലവില്‍ ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായി സേവനമനുഷ്ഠിച്ച് വരികയാണ്. നാല് പതിറ്റാണ്ടുകളായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് അദ്ദേഹം. ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുടെ ചെയര്‍മാനായും ടാറ്റ സ്റ്റീല്‍സ്, ടൈറ്റാന്‍ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായും ഉള്‍പ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ ഒന്നിലധികം ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകും മുമ്പ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയ വലിയ പദവി ടാറ്റ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറെന്നതാണ്, അതിന്റെ  ഗണ്യമായ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ചു, ഓഗസ്റ്റ് 2010 മുതല്‍ നവംബര്‍ 2021 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് വരുമാനം 500 മില്യണില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു.

1998-ല്‍ ഒരൊറ്റ സ്റ്റോറില്‍ നിന്ന് ഇന്ന് 700-ലധികം സ്റ്റോറുകളിലേക്ക് വ്യാപിപ്പിച്ച ടാറ്റ ട്രെന്റ് ലിമിറ്റഡ് നോയല്‍ ടാറ്റയുടെ നേതൃപരിചയം വരച്ചുകാട്ടുന്നു. സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ (യുകെ) ബിരുദം നേടിയ അദ്ദേഹം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാം (ഐഇപി) പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയാകുന്നതോടെ നോയല്‍ ടാറ്റ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെ 11-ാമത്തെ ചെയര്‍മാനും രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയര്‍മാനുമായി മാറും.

നോയല്‍ ടാറ്റയെ മുമ്പ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ നോയലിന്റെ ഭാര്യാസഹോദരനായ സൈറസ് മിസ്ത്രിയാണ് ഈ സ്ഥാനത്തെത്തിയത്.

മിസ്ത്രിയുടെ വിവാദ പുറത്താകലിന് ശേഷം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മേധാവിയായിരുന്ന എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്  രത്തന്‍ ടാറ്റയും നോയലും തമ്മില്‍ അകല്‍ച്ചയിലായിരുന്നെങ്കിലും അടുത്തിടെ അത് പരിഹരിക്കപ്പെട്ടു.

രത്തന്‍ ടാറ്റ ട്രസ്റ്റിന്റെ ബോര്‍ഡില്‍ 2019-ലാണ് നോയല്‍ എത്തുന്നത്. 2018-ല്‍ അദ്ദേഹം ടൈറ്റാന്‍ കമ്പനിയുടെ വൈസ് ചെയര്‍മാനായി. 2022ല്‍ ടാറ്റ സ്റ്റീലിന്റെ വൈസ് ചെയര്‍മാനുമായി. അതിന് മുമ്പായി അദ്ദേഹം ടാറ്റ ഇന്റര്‍നാഷണലിന്റെ തലപ്പത്തായിരുന്നു. വോള്‍ട്ടാസിന്റെയും ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെയും മേധാവിത്വവും നോയല്‍ ടാറ്റ വഹിച്ചിട്ടുണ്ട്.

ടാറ്റ ട്രസ്റ്റിനു കീഴിലുള്ള വിവിധ ജീവകാരുണ്യ സംഘടനകളുടെ ട്രസ്റ്റിമാരായി നോയലിന്റെ മൂന്ന് മക്കളായ മായ, നെവില്‍, ലിയ എന്നിവരെ അടുത്തിടെ നിയമിച്ചിരുന്നു.

രത്തന്റെ പിതാവ് കൂടിയായ നേവല്‍ ടാറ്റയുടെ രണ്ടാംവിവാഹത്തിലെ മകനാണ് നോയല്‍ ടാറ്റ. വിവിധ ടാറ്റ കമ്പനികളിലെ നേതൃത്വപരമായ റോളുകളും കുടുംബവുമായുള്ള ബന്ധങ്ങളും നോയലിനെ ടാറ്റ ട്രസ്റ്റുകളില്‍ രത്തന്‍ ടാറ്റയുടെ സ്വാഭാവിക പിന്‍ഗാമിയാക്കി. പാഴ്‌സി സമുദായത്തിന്റെ നിലപാടും നോയലിന്റെ നാമനിര്‍ദേശത്തില്‍ ഒരു പങ്കുവഹിച്ചുവെന്നാണ് പറയപ്പെടുന്നത്.

നോയലിന്റെ ഭാര്യയുടെ കുടുംബത്തിനും ടാറ്റ ഗ്രൂപ്പില്‍ നിര്‍ണായക പങ്കുണ്ട്. ഭാര്യ ആലൂ മിസ്ത്രി പല്ലോഞ്ജി മിസ്ത്രിയുടെ മകളാണ്. ടാറ്റ സണ്‍സില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള ആളാണ് അദ്ദേഹം. 

നോയല്‍-ആലൂ മിസ്ത്രി ദമ്പതികളുടെ മകന്‍ നെവില്‍ ടാറ്റ 2016-ല്‍ സ്റ്റാര്‍ ബസാറില്‍ ചേര്‍ന്നിരുന്നു. മൂത്ത മകള്‍ ലിയ ടാറ്റ നിലില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ വൈസ്. പ്രസിഡന്റാണ്. മറ്റൊരു മകള്‍ മായ ടാറ്റ കാപ്പിറ്റലിലാണ് പ്രവര്‍ത്തിക്കുന്നത്.