ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ട്വിറ്റര്‍ ഐഡികള്‍ ഇപ്പോള്‍ 'ഫണ്ട് കാവേരി എന്‍ജിന്‍' എന്ന ഹാഷ്ടാഗ് കൊണ്ട് നിറയുകയാണ്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പുവരെ ഓപ്പറേഷന്‍ സിന്ദൂര്‍ ആയിരുന്നു ട്വിറ്ററിലെ താരമെങ്കില്‍, ഇപ്പോളത് കാവേരി എന്‍ജിനാണ്. കാവേരി എന്‍ജിനായി കൂടുതല്‍ പണം മുടക്കണമെന്നും പോരായ്മകള്‍ പരിഹരിക്കണമെന്നും അതിനെ സേനയുടെ ഭാഗമാക്കണമെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. എന്താണ് കൈവേരി എന്‍ജിന്‍? 

To advertise here,

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫൈറ്റര്‍ ജെറ്റ് എന്‍ജിനാണ് കാവേരി. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) കീഴില്‍, ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് (ജിടിആര്‍ഇ) ആണ് കാവേരി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റിലേക്കാണ് കാവേരി എന്‍ജിന്‍ ഉപയോഗിച്ചിരുന്നത്. നമ്മുടെ ഫൈറ്റര്‍ ജെറ്റുകളുടെ എന്‍ജിനുകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1980-ല്‍ ഇന്ത്യ തദ്ദേശീയമായി എന്‍ജിന്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. 

ഇന്ത്യയുടെ സ്വന്തം ഫൈറ്റര്‍ എയര്‍ക്രാഫ്റ്റായ തേജസിനുവേണ്ടിയാണ് കാവേരി എന്‍ജിന്‍ പ്രോജക്ട് കൊണ്ടുവന്നത്. എന്നാല്‍ 2008-ഓടുകൂടി, ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ തേജസിനുവേണ്ടി കാവേരി എന്‍ജിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തേജസ് എംകെ-1 എന്ന ഫൈറ്റര്‍ ജെറ്റിന്റെ ആവശ്യകതകള്‍ പൂര്‍ത്തീകരിക്കാന്‍ കാവേരി എന്‍ജിന്റെ ഫീച്ചറുകള്‍ പര്യാപ്തമല്ലാത്തതായിരുന്നു കാരണം. പിന്നാലെ, തേജസ് എംകെ-1-നായി അമേരിക്കയില്‍നിന്നും ജിഇ-എഫ്-404 എന്‍ജിന്‍ ഇറക്കുമതി ചെയ്യുകയാണുണ്ടായത്. 

സാങ്കേതിക വെല്ലുവിളികള്‍ക്കൊപ്പം എന്‍ജിന്‍ ടെസ്റ്റ് ചെയ്തുനോക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യയില്‍ ഇല്ലാത്തതും കാവേരി എന്‍ജിൻ വികസിപ്പിക്കുന്നതിന് തടസ്സമായി. ഇതിനായി റഷ്യയെ ആശ്രയിക്കേണ്ട സ്ഥിതിയിലായി ഇന്ത്യ. റഷ്യയുടെ സൗകര്യങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവന്നതോടെ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെവരികയും എന്‍ജിന്റെ വികസനപരീക്ഷണങ്ങള്‍ പ്രതിരോധത്തിലാവുകയും ചെയ്തു. 

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍, പൂര്‍ണമായും രാജ്യത്തിനുള്ളില്‍തന്നെ കാവേരി എന്‍ജിന്റെ നിര്‍മാണം ഒതുക്കിനിര്‍ത്താനായിരുന്നു ഇന്ത്യയുടെ തീരുമാനം. വിദേശരാജ്യങ്ങളുടെയൊന്നും സഹായങ്ങളോ പിന്തുണയോ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇതും കാവേരി എന്‍ജിന്റെ വികസനത്തെ ബാധിച്ചു. വളരെ വൈകിയാണ് ഫ്രാന്‍സിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായത്. അപ്പോഴേക്കും നമ്മള്‍ ഒരുപാട് വൈകിപ്പോയിരുന്നു. പിന്നാലെയാണ് റഷ്യയുടെ സഹായം തേടിയത്. 

സാമ്പത്തിക ഞെരുക്കം, പ്രോജക്ട് മാനേജ്‌മെന്റിന്റെ നടത്തിപ്പിലെ അപാകതകൾ, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നേരിട്ട കാലതാമസം എന്നിവയെല്ലാം കാവേരി എന്‍ജിന്റെ വികസനത്തിന് തിരിച്ചടിയായി. നിര്‍ത്തിയ ഇടത്തുനിന്ന് കാവേരി എന്‍ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കണമെന്ന ആവശ്യമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇപ്പോള്‍ ജനങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്നും അതിനുവേണ്ടി കൂടുതല്‍ ടാക്‌സ് നല്‍കാന്‍വരെ തയ്യാറാണെന്നും നെറ്റിസണ്‍സ് പറയുന്നു.