'പാർഥോനെ കോച്ഛീ, ആശീർവാദ് കോച്ഛീ, വോട്ടീ ദീൻ ഓമോങ് നിവോജീത കോറോൻ, ജോ സോംഛോഗേ ഛന്താ ദീൻ...' (ഞങ്ങളെ പിന്തുണയ്ക്കൂ, ആശീർവദിക്കൂ, വോട്ട് ചെയ്ത് വിജയിപ്പിക്കൂ, നിങ്ങൾക്ക് തോന്നുന്ന വിധത്തിൽ സംഭാവന നൽകി സഹായിക്കൂ...) എന്നാണ് നക്‌സൽബാരി മാർക്കറ്റിലെ തിരക്കേറിയ ചന്തകളിലൂടെ ചുറ്റിക്കറങ്ങി മതിഗര-നക്‌സൽബാരി മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി ഝാരേൻ റോയ് അഭ്യർഥിക്കുന്നത്.

To advertise here,

ആൾക്കൂട്ടമോ ആരവങ്ങളോ ഇല്ല. നിന്നുതിരിയാൻ ഇടമില്ലാതെ വീർപ്പുമുട്ടുന്ന ഗലികൾ. ആഴ്ചച്ചന്തയുടെ ദിവസമായതിനാൽ ശനിയാഴ്ച പതിവിലുമേറെ തിരക്കായിരുന്നു. ഈ ചന്തയ്ക്കകത്തെ നിരവധി കടകൾക്കിടയിലാണ് നക്‌സൽബാരിയിലെ പാർട്ടി ഏരിയാകമ്മിറ്റി ഓഫീസ്. അതിന് തൊട്ടടുത്തെ കടകൾക്കുള്ളിൽ ഝാരേൻ റോയിയെയും അഞ്ചോ ആറോ പേരടങ്ങുന്ന സംഘത്തെയും കണ്ടു.

ഒരാൾ 'കോളാമ്പി' കൈയിലേന്തി സ്ഥാനാർഥിക്കായി അകമ്പടി അനൗൺസ്‌മെന്റ് നടത്തുന്നു. മറ്റുള്ളവർ ചെങ്കൊടിയേന്തി ഒപ്പം. പിന്നിൽ രണ്ടുപേരാണ് കടകളിൽ നിന്ന് തുച്ഛമായ സംഖ്യകളേറ്റുവാങ്ങുന്നത്. ഒരു കാലത്ത് ഇന്ത്യയുടെ ചുവപ്പ് ഇടനാഴി എന്നറിയപ്പെട്ട നക്‌സൽബാരി.

1967-ൽ തീവ്ര ഇടതുവ്യതിയാനമെന്ന് സിപിഎം തള്ളിപ്പറഞ്ഞ നക്സൽ പ്രസ്ഥാനത്തിന് ചാരു മജുംദാറും കനു സന്യാലും മറ്റും ചേർന്ന് രൂപം നൽകിയ മണ്ണ്. 1970-കളുടെ തുടക്കത്തിൽ ഇതിനെ അടിച്ചമർത്തിയത് കോൺഗ്രസ് സർക്കാരാണ്. 1977-ന് ശേഷമിങ്ങോട്ട് ബംഗാൾ ഇടതുകോട്ടയായപ്പോൾ മുതൽ ഈ മണ്ണിലെ അജയ്യശക്തി സിപിഎമ്മായിരുന്നു.

പക്ഷേ, ഈ മേഖലയിലും ഇതുൾപ്പെട്ട ഡാർജിലിങ് ജില്ലയിലും ഇന്നിപ്പോൾ മേൽക്കൈ ബിജെപിയുടെ കാവിക്കാണ്. ഡാർജിലിങ് എം.പി. ബിജെപിയിലെ രാജു ബിസ്ത. പട്ടികജാതി സംവരണമണ്ഡലമായ മതിഗര-നക്‌സൽബാരിയുടെ എം.എൽ.എ. ബിജെപിയിലെ ആനന്ദോമോയ് ബർമൻ.

ആദിവാസികളും പിന്നോക്ക ജനതയും മുസ്ലിങ്ങളുമുള്ള മണ്ഡലമാണിത്. ഹിന്ദു-63%, മുസ്ലിം 34%. സിലിഗുരി-ടെരായ് തോട്ടം മേഖലയിലെ നിരവധി തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന ആദിവാസിജനതയും ഇവിടെ വോട്ടർമാരായുണ്ട്.

ഉയിർത്തെഴുന്നേൽക്കാൻ സിപിഎം

2011-ൽ തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് സഖ്യത്തിന് മുന്നിൽ നിലംപരിശായ ശേഷം ഉയിർത്തെഴുന്നേൽക്കാൻ പാടുപെടുകയാണ് സിപിഎം. അന്ന് തൃണമൂൽ-കോൺഗ്രസ് സഖ്യത്തോട് പൊരുതിത്തോറ്റയാളാണ് ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കിസാൻസഭ ജില്ലാസെക്രട്ടറിയുമായ ഝാരേൻ റോയ്. അന്ന് 6833 വോട്ടുകൾക്കാണ് റോയ് അടിയറവ് പറഞ്ഞത്.

അതിനുശേഷം സിപിഎമ്മിന് സ്വന്തമായി മത്സരിക്കാൻ അവസരമൊത്തിട്ടില്ല. 2016-ലും 2021-ലും സിപിഎം-കോൺഗ്രസ് സഖ്യത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണിവിടെ മത്സരിച്ചത്. 2016-ൽ ജയിച്ചു, 2021-ൽ തോറ്റു. ആ തോറ്റ കോൺഗ്രസുകാരൻ ശങ്കർ മലാകർ ഇത്തവണ വേഷം മാറി തൃണമൂൽ സ്ഥാനാർഥിയാണ്. ബിജെപി എതിരാളി സിറ്റിങ് എം.എൽ.എ. ആനന്ദോമോയ് ബർമൻ.

സിപിഎമ്മുമായുള്ള സഖ്യം നഷ്ടക്കച്ചവടമെന്ന് പറഞ്ഞ് മാറിപ്പോയ കോൺഗ്രസ് ഇക്കുറി തനിച്ച് മത്സരിക്കുന്നതിനാൽ സാങ്കേതികമായി ചതുഷ്‌കോണ മത്സരമാണിവിടെ. മാർക്കറ്റിന് നടുവിൽ കോൺഗ്രസ് സ്ഥാനാർഥി അമിതാവ് സർക്കാരും പ്രവർത്തകരും ആവേശമുദ്രാവാക്യം മുഴക്കി ഝാരേൻ റോയിയുടെ എതിരെയെത്തി. കണ്ടപാടേ ഇരുവരും ആലിംഗനം ചെയ്ത് സൗഹൃദം കാട്ടി.

'വോട്ടീ ദീൻ, വോട്ടീ ദീൻ, ഹാഥീ ചിഹ്നേ വോട്ടീ ദീൻ... ' എന്ന കോൺഗ്രസിന്റെ മുദ്രാവാക്യംവിളിക്ക് സിപിഎമ്മുകാരേക്കാൾ ആവേശമുണ്ട്. അതുകണ്ട സിപിഎം സംസ്ഥാനകമ്മിറ്റിയംഗം ഗൗതംഘോഷ് പറഞ്ഞു; 'പുറത്ത് നിന്ന് ആളെക്കൊണ്ടുവന്നുള്ള കളിയാണ്. അവർക്കിവിടെ കമ്മിറ്റിയൊന്നുമില്ല. ഞങ്ങൾക്കിവിടെ മുഴുവൻ ബൂത്ത് കമ്മിറ്റികളും സജീവമാണ.്'

'നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളും പാർട്ടിയും എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും നിങ്ങളെ സേവിക്കാനൊരവസരം തരൂ...' ഝാരേന്റെ അഭ്യർഥനയ്ക്ക് ഈ മാറിയ കാലത്ത് എന്തു വില കിട്ടും?

'ഇവിടെ തൃണമൂലും ബിജെപിയും തമ്മിൽ അവിശുദ്ധസഖ്യമാണ്. തൃണമൂലിന്റെ ദുർഭരണത്തെ ബിജെപി തോൽപ്പിക്കുമെന്ന് കരുതിയാണ് പാവം ജനങ്ങൾ കഴിഞ്ഞതവണ അവർക്ക് വോട്ട് ചെയ്തത്. ഇപ്പോളവർക്ക് മനസ്സിലായി. ഇരുവരെയും തള്ളി ഞങ്ങളെ വിജയിപ്പിക്കും. തോട്ടങ്ങളിൽ ബിജെപി 1000 രൂപ വീതം നൽകുന്നു. പക്ഷേ അവർ വോട്ട് ഞങ്ങൾക്ക് നൽകും'- ഗൗതം ഘോഷും സ്ഥാനാർഥി ഝാരേൻ റോയിയും ആത്മവിശ്വാസമറിയിച്ചു.

ഝാരേന്റെ 2011-ലെ ആറായിരത്തിൽപ്പരം വോട്ടിന്റെ ചെറിയ തോൽവി ഗൗതംഘോഷ് ഓർമിപ്പിച്ചു. പക്ഷേ അതിന് ശേഷം മേച്ഛീ നദിയിലൂടെ വെള്ളമെത്ര ഒഴുകിപ്പോയിരിക്കുന്നു!

നക്‌സൽബാരി ചന്തയ്ക്ക് പുറത്ത്, പഴയ മാവോവാദപ്രസ്ഥാനം ഉടലെടുത്ത ബംഗായ് ജോട്ടിലേക്കുള്ള വഴിക്കിരുവശവും ബിജെപി, തൃണമൂൽ പതാകകളുടെ ആധിപത്യമാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ സിപിഎം കൊടികളുണ്ട്. ബംഗായ്‌ജോട്ടിൽ ചുവപ്പ് മതിൽക്കെട്ടിനകത്ത് കാൾമാർക്‌സും ഏംഗൽസും ലെനിനും മാവോയും പ്രതിമകളായി നിൽക്കുന്നു... അനാഥരാണവരിവിടെ. തൊട്ടരികിൽ വഴിയേ പോകുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി ഒരുകൂട്ടം പെണ്ണുങ്ങൾ കാളീപൂജയ്‌ക്കെന്ന് പറഞ്ഞ് പണം പിരിക്കുന്നു.

2009-ലെ മണ്ഡല പുനർവിഭജനത്തിന് മുമ്പ് ഫർസിദെവ മണ്ഡലമായിരുന്നു നക്‌സൽബാരിയും പരിസരങ്ങളും. ശേഷം മതിഗര-നക്‌സൽബാരിയായി. പഴയ എം.എൽ. ഗ്രൂപ്പിന്റെ ജനാധിപത്യരൂപം പൂണ്ട പുതിയ പ്രസ്ഥാനമിപ്പോൾ സിപിഎം സഖ്യത്തിലുണ്ട്. തൊട്ടയൽമണ്ഡലമായ ഫർസിദെവയിൽ മത്സരിക്കുന്നത് സി.പി.ഐ.എം.എല്ലാണ്.

എസ്.ഐ.ആർ. കെണിയും

സിപിഎം സ്ഥാനാർഥിയുടെ പ്രചരണസംഘത്തിൽ കണ്ട മുഹമ്മദ് അസ്ലമിന് ഇത്തവണ വോട്ടില്ല. അദ്ദേഹം പാർട്ടി ഏരിയകമ്മിറ്റിയിലുണ്ട്. പഞ്ചായത്തംഗവും പഞ്ചായത്ത് സമിതിയധ്യക്ഷനുമൊക്കെയായി കാൽനൂറ്റാണ്ട് ജനപ്രതിനിധിയായിട്ടുണ്ട്. മുതുമുത്തച്ഛന്റെ കാലം തൊട്ട് ജീവിക്കുന്ന മണ്ണ്.

മൂന്ന് സഹോദരന്മാരടക്കം 13 പേരുള്ള വീട്ടിലെ ആറ് പേരാണ് എസ്.ഐ.ആറിൽ പട്ടികയിൽ നിന്ന് നീക്കപ്പെട്ടത്. അഡ്ജുഡിക്കേഷനിലും ഫലമുണ്ടായില്ല. നിരാശയോടെയാണോ തിരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് ചോദിച്ചപ്പോൾ, അസ്ലം ചിരിച്ചു, ' പ്രവർത്തിക്കാതെ പറ്റില്ലല്ലോ...'