ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ‘ദളപതി’ വിജയ്, തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) വഴി തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക ശക്തിയാകുമോ എന്നതിനെ കുറിച്ചാണ് ചർച്ചകൾ മുറുകുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യവും തമിഴ്നാടിന് പരിചിതമാണ്. എന്നാൽ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം വിജയ്‌യും അദ്ദേഹത്തിന്റെ തമിഴക വെട്രി കഴകത്തിന്റെ പ്രകടനവുമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എം.ജി.ആർ, ജയലളിത എന്നിവരെപ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം പിന്തുടരാനാണ് വിജയ് ലക്ഷ്യമിടുന്നത്. യുവാക്കൾക്കും സ്ത്രീകൾക്കും മത്സ്യത്തൊഴിലാളികൾക്കും മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരുന്നത്. നിലവിലെ ഭരണകക്ഷിയായ ഡിഎംകെക്കും പ്രതിപക്ഷ കക്ഷികളായഎഐഎഡിഎംകെയ്ക്കും ബി.ജെ.പിക്കും എതിരെ ഒരു മൂന്നാം ബദലായി സ്വയം അടയാളപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, തമിഴ് രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ മുതൽ എതിർ പാർട്ടിയിലെ മുതിർന്ന നേതാക്കൾവരെ വിലയിരുത്തുന്നത്. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് വിജയ് രാഷ്ട്രീയത്തിനായി തന്റെ സിനിമാ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.
നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ വോട്ടർമാർ തങ്ങൾക്ക് അനുകൂലമായ വിധി നൽകിയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സ്ഥാനാർത്ഥികൾ. പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട് ഒരു ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നു എന്നതാണ് ഈ പോരാട്ടത്തെ കൂടുതൽ പ്രവചനാതീതമാക്കുന്നത്. ഡിഎംകെയെ തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായും ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായും വിജയ് നേരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും, വോട്ടെണ്ണൽ ദിനത്തിൽ പോൾ പ്രവചനങ്ങൾ സത്യമായാൽ, തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അദ്ദേഹം ഒരു കിങ് മേക്കറായി മാറിയേക്കാം. ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ പ്രവചനം അനുസരിച്ച്, 234 അംഗ നിയമസഭയിൽ 98-120 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നേക്കാം. ഇത് യാഥാർത്ഥ്യമായാൽ, 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിനെയും മറ്റ് ചെറിയ പാർട്ടികളെയും സർക്കാർ രൂപീകരിക്കാൻ വിജയ് സമീപിച്ചേക്കാം.
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടിരുന്നെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ റാലികളിൽ വിജയ് കോൺഗ്രസിനെ കാര്യമായി വിമർശിച്ചിരുന്നില്ല എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. മാത്രമല്ല, വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ നേരത്തെതന്നെ കോൺഗ്രസിനോട് കൈകോർക്കാൻ വിജയ്‌യോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ടിവികെ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അവസ്ഥയിലാണെങ്കിൽ, തമിഴ്നാട്ടിൽ എൻഡിഎയെ നയിക്കുന്ന എഐഎഡിഎംകെയുടെ പിന്തുണ വിജയ് തേടിയേക്കാം. എന്നാൽ ഈ പാത അത്ര എളുപ്പമല്ല. ബിജെപി ഉൾപ്പെടുന്ന ഒരു സഖ്യത്തിലും ചേരില്ലെന്ന് സൂചിപ്പിച്ചുകൊണ്ട്, 'വർഗീയ ശക്തികളുമായി' കൂട്ടുചേരില്ലെന്ന് വിജയ്‌യും മുതിർന്ന ടിവികെ നേതാക്കളും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
അതേസമയം, പ്രചാരണ വേളയിൽ തിരുച്ചിറപ്പള്ളിയിൽ എംജിആറിന് ആദരമർപ്പിച്ചുകൊണ്ട് എഐഎഡിഎംകെ പിന്തുടരുന്ന ദ്രാവിഡ പാരമ്പര്യത്തോടുചേർന്നുള്ള പ്രവർത്തനങ്ങളിലെ താൽപര്യം വിജയ് എടുത്തുപറഞ്ഞിരുന്നു.
പ്രത്യയശാസ്ത്രപരമായ ഈ സാമ്യം എഐഎഡിഎംകെയുമായുള്ള ധാരണയ്ക്ക് വഴിതുറന്നേക്കാമെങ്കിലും, 'പ്രത്യയശാസ്ത്രത്തിൽ വിട്ടുവീഴ്ച ചെയ്യില്ല' എന്ന് വ്യക്തമാക്കിയ വിജയ് ബിജെപിയിൽ നിന്ന് അകലം പാലിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐഎഡിഎംകെ അല്ലെങ്കിൽ ബിജെപി പോലുള്ള പാർട്ടികളിൽ നിന്ന് സർക്കാരിന്റെ ഭാഗമാക്കാതെ പുറത്തുനിന്നുള്ള പിന്തുണ തേടാനുള്ള വഴിയും വിജയ്ക്ക് മുന്നിലുണ്ട്. ഇത് ടിവികെയ്ക്ക് അധികാരം നിലനിർത്താനും ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനും സഹായിക്കും.
2013-ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി), കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ചതിന് സമാനമായ മാതൃകയാണിത്. എന്നാൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആ പരീക്ഷണം അധികകാലം നീണ്ടുനിന്നില്ല എന്നത് കാണാതിരിക്കാനാവില്ല. അത്തരം ക്രമീകരണങ്ങളിലെ അസ്ഥിരതയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ഡിഎംകെയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വരികയും ടിവികെ ഗണ്യമായ സീറ്റുകൾ നേടുകയും ചെയ്താൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സമവാക്യങ്ങൾ രസകരമായ ഒരു വഴിത്തിരിവിലേക്ക് കടക്കാം. കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള സാഹചര്യം വിജയ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും ഒരു പ്രതിപക്ഷ ഗ്രൂപ്പിന് പിന്തുണ നൽകാനുള്ള സാധ്യത ഇല്ലാതാവുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹം ഡിഎംകെ സർക്കാരിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ അതിൽ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത് ഉൾപ്പെടെയുള്ള പങ്കാളിത്തത്തെക്കുറിച്ചോ ചർച്ച ചെയ്‌തേക്കാം.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ വേണ്ടിമാത്രം, ലഭിച്ച സീറ്റുകൾ കുറവായിരുന്നിട്ടും കോൺഗ്രസ് പിന്തുണയോടെ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായ കർണാടകയിലെ സാഹചര്യം പോലെ ഒന്നിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. എന്നാൽ തമിഴ്നാട്ടിലെ സാഹചര്യം വ്യത്യസ്തമാണ് എന്നതും കാണാതിരിക്കാനാവില്ല. കോൺഗ്രസ് പ്രധാന പങ്കുവഹിച്ച കർണാടകയിൽ നിന്ന് വിഭിന്നമായി ഡിഎംകെ ഇവിടെ ഏറ്റവും ശക്തമായ ശക്തിയാണ്. അതിനാൽ ഏത് സഖ്യത്തിലും ഡിഎംകെയ്ക്കായിരിക്കും പൂർണ നിയന്ത്രണം, ഇത് വിജയ്ക്കും ടിവികെയ്ക്കും കാര്യങ്ങൾ സങ്കീർണവും പ്രവചനാതീതവുമാക്കും.
എഐഎഡിഎംകെയ്ക്ക് (AIADMK) ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ, തന്റെ പ്രത്യയശാസ്ത്ര നിലപാടുകൾ കാരണം എൻഡിഎയുമായി (NDA) സഖ്യമുണ്ടാക്കാൻ വിജയ് മടിച്ചേക്കാം. റിലീസ് ചെയ്യാനിരിക്കുന്ന തന്റെ സിനിമയായ 'ജന നായകൻ', 41 പേർ മരിച്ച കരൂർ ദുരന്തത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം തുടങ്ങിയ സമ്മർദ്ദങ്ങളും അദ്ദേഹം നേരിടുന്നുണ്ട്.
എന്നിരുന്നാലും, രാഷ്ട്രീയം പലപ്പോഴും അപ്രതീക്ഷിത സഖ്യങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. എം.കെ. സ്റ്റാലിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ വിജയ് തന്റെ മുൻ നിലപാടുകൾ മാറ്റിക്കൊണ്ട് എഐഎഡിഎംകെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം എന്നും നിരീക്ഷകർ വിലയിരുത്തുന്നു.
വിജയിക്ക് പൂർണ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ, അത് ചരിത്രപരമായ ഒരു ഫലമായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യങ്ങളെയോ കൂട്ടുകക്ഷി രാഷ്ട്രീയത്തെയോ ആശ്രയിക്കേണ്ട സാഹചര്യം ഇതോടെ ഇല്ലാതാകും. തങ്ങളുടെ പാർട്ടി കുറഞ്ഞത് 180 സീറ്റുകൾ എങ്കിലും നേടി അധികാരത്തിൽ വരുമെന്ന് ടിവികെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ കെ.എ. സെങ്കോട്ടയ്യൻ കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എഐഎഡിഎംകെയുമായുള്ള സഖ്യത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ അദ്ദേഹം, 180 മുതൽ 200 സീറ്റുകൾ വരെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
Content Highlights: Vijay's TVK emerges as a potential kingmaker in the 2026 TN assembly elections. Five distinct post-poll scenarios ranging from majority win to coalition dynamics. Ideological constraints regarding the BJP and potential alignment with AIADMK or DMK. Analysis of TVK's strategic position in a triangular contest.
Published: 03 May 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented