ന്യൂഡല്‍ഹി: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെര്‍ച്ച് കമ്മിറ്റികള്‍ വീണ്ടും യോഗം ചേരും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മെറിറ്റ് അടിസ്ഥാനമാക്കി മുന്‍ഗണന തയ്യാറാക്കാനാണ് യോഗം ചേരുന്നത്. ഓണ്‍ലൈനായിട്ടാകും യോഗം ചേരുകയെന്നാണ് സൂചന.

To advertise here,

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയത് ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയാണ്. ഡോ. നിലോയ് ഗാംഗുലി (പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ്, ഐഐടി ഖരഗ്പൂര്‍) ഡോ. വി.എന്‍. അച്യുത നായ്കന്‍ (പ്രൊഫസര്‍, റിലൈബിലിറ്റി എന്‍ജിനീയറിങ് സെന്റര്‍, ഐഐടി ഖരഗ്പൂര്‍) ഡോ. അവിനാഷ് കുമാര്‍ അഗര്‍വാള്‍ (ഡയറക്ടര്‍, ഐഐടി ജോധ്പൂര്‍) ഡോ. ബിനോദ് കുമാര്‍ കനൗജിയ (ഡയറക്ടര്‍, ബി ആര്‍ അംബേദ്കര്‍ എന്‍ഐടി ജലന്ധര്‍) എന്നിവരായിരുന്നു സമിതിയിലെ മറ്റുനാല് അംഗങ്ങള്‍. ഇതില്‍ ഡോ. നിലോയ് ഗാംഗുലി, വിഎന്‍ അച്യുത നായ്കന്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളും, മറ്റുരണ്ടുപേര്‍ ചാന്‍സലറുടെ നോമിനികളുമായിരുന്നു.

ഡോ. ടി ആര്‍ ഗോവിന്ദരാജന്‍ ( വിസിറ്റിംഗ് പ്രൊഫസര്‍, മദ്രാസ് സര്‍വ്വകലാശാല) ഡോ. എസ് ചാറ്റര്‍ജി ( റിട്ടയേഡ് പ്രൊഫസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ്) ഡോ. മുകുള്‍ എസ് എസ് ( ഡയറക്ടര്‍, ഐഐഐടി, അലഹബാദ്) ഡോ. വി കാമകോടി, (ഡയറക്ടര്‍, ഐഐടി മദ്രാസ്) എന്നിവരാണ് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പാനല്‍ തയ്യാറാക്കിയ സെര്‍ച്ച് കമ്മിറ്റിയില്‍ ജസ്റ്റിസ് ദുലിയക്ക് പുറമെയുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. ഡോ മുകുള്‍ എസ് എസ്, ഡോ വി കാമകോടി എന്നിവര്‍ ചാന്‍സലറുടെ നോമിനിയും, മറ്റുരണ്ടുപേര്‍ സംസ്ഥാന സര്‍ക്കാരിന്റെ നോമിനികളുമായിരുന്നു.

മുന്‍ഗണന പട്ടിക തയ്യാറാക്കേണ്ടത് ഈ പേരുകളില്‍ നിന്ന്

ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ പാനല്‍ മുഖ്യമന്ത്രിക്ക് കൈമാറിയ പട്ടികയില്‍ സ്ഥാനം പിടിച്ചത് അഞ്ച് പേരുകളാണ്. അക്ഷരമാല ക്രമത്തില്‍ കൈമാറിയ പട്ടിക ഇപ്രകാരം ആയിരുന്നു. സിസ തോമസ്, ജിന്‍ ജോസ്, പ്രിയ ചന്ദ്രന്‍, രാജശ്രീ എം.എസ്, സജി ഗോപിനാഥ്.

എന്നാല്‍, മുഖ്യമന്ത്രി മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ ഡോ. സജി ഗോപിനാഥ് ഒന്നാമനായി. ഡോ. രാജശ്രീ എം.എസ്., ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരായിരുന്നു യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. സിസ തോമസിനെ ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരുന്നു.

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നിലപാട് പരിശോധിക്കും

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മുന്‍ഗണന പാനല്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും നിലപാട് ജസ്റ്റിസ് ദുലിയ അധ്യക്ഷനായ സമിതി പരിശോധിക്കും. ഇതിനായി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും ജസ്റ്റിസ് ദുലിയ സമിതി വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കൈമാറിയ കത്ത് മുദ്രവെച്ച കവറില്‍ അറ്റോര്‍ണി ജനറല്‍ ഇന്ന് കോടതിക്ക് കൈമാറാന്‍ ശ്രമിച്ചുവെങ്കിലും അത് സ്വീകരിക്കാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിന് എല്ലാ രേഖകളും പരിശോധിക്കുമെന്നാണ് സൂചന.

'നില്‍ക്കുന്നടുത്ത് നില്‍ക്കൂ', യുജിസിയോട് കോടതി

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നടപടികളില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് യുജിസിയുടെ ആവശ്യം സുപ്രീം കോടതി ഇന്നും നിരാകരിച്ചിരുന്നു. നില്‍ക്കുന്നെടുത്ത് നില്‍ക്കൂ എന്നായിരുന്നു യുജിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ജസ്റ്റിസ് ജെ ബി പര്‍ഡിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് നിര്‍ദേശിച്ചത്. ഫലത്തില്‍ രണ്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയയില്‍നിന്നും യുജിസി ഔട്ടായി.