ആലപ്പുഴ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് സംഭവം. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ ഇവർ റിമാൻഡിലാണ്. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘപരിവാറെന്നും. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുമെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
വി.ഡി സതീശന്റെ കുറിപ്പ്
ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ചത്തീസ്ഗഢിൽ കണ്ടത്.
ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?
മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഢ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബി.ജെ.പിയുടെയോ ആർ.എസ്.എസിൻ്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഢിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം.
Content Highlights: vd satheesan slams sangh parivar over nuns arrest in Chhattisgarh
Published: 27 Jul 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented