ചെന്നൈ: അടുത്തവര്‍ഷം മാര്‍ച്ച് അവസാനത്തോടെ എട്ട് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍കൂടി പുറത്തിറങ്ങുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) അധികൃതര്‍ അറിയിച്ചു. 16 കോച്ചുകള്‍ വീതമുള്ള 10 വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടി നിര്‍മിക്കാനുള്ള കരാര്‍ ഐസിഎഫ് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡി(ബെമല്‍)ന് നല്‍കിയിരുന്നു. ഇതില്‍ രണ്ട് വന്ദേഭാരത് തീവണ്ടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ബെമല്‍ ഐസിഎഫിന് കൈമാറി. രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികളുടെയും പരീക്ഷണ ഓട്ടം നടത്തി. ആദ്യതീവണ്ടി ജനുവരിയില്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുകയാണ്. ബാക്കിയുള്ള എട്ട് തീവണ്ടികളുടെയും നിര്‍മാണവും മാര്‍ച്ചിനകം പൂര്‍ത്തിയാക്കി ബെമല്‍ ഐസിഎഫിന് കൈമാറും. പരീക്ഷണ ഓട്ടം നടത്തിയശേഷം ഐസിഎഫ് റെയില്‍വേക്ക് കൈമാറും. ബെമല്‍ നിര്‍മിച്ച രണ്ടാമത്തെ തീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

To advertise here,

ഐസിഎഫില്‍ ഇപ്പോള്‍ 50 സ്ലീപ്പര്‍ വന്ദേഭാരത് തീവണ്ടികളുടെ നിര്‍മാണം പുരോഗമിച്ചുവരുകയാണ്. അടുത്തവര്‍ഷംമുതല്‍ ഘട്ടംഘട്ടമായി വന്ദേഭാരത് സ്ലീപ്പര്‍ തീവണ്ടികള്‍ പുറത്തിറങ്ങുമെന്നും അറിയിച്ചു. ഐസിഎഫില്‍ നിര്‍മിക്കുന്ന 50 വന്ദേഭാരതുകളില്‍ 24 കോച്ചുകളുണ്ടാകും. തീവണ്ടികളില്‍ പാന്‍ട്രി കാറും ആധുനികസൗകര്യങ്ങളുമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.