മധുര: സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ്. തയ്യാറാക്കിയ പട്ടികയിൽ അര്‍ഹിച്ച പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് വോട്ടെടുപ്പിലേയ്ക്ക് നീങ്ങിയത്. യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

To advertise here,

84 പേരുടെ കേന്ദ്ര കമ്മിറ്റി പാനലാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. എന്നാല്‍, യുപിയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എതിര്‍പ്പുയരുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള ഡി.എല്‍. കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു.

നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിയുടെ പേര് നിർദേശിച്ചപ്പോൾ ബംഗാൾ ഘടകം അതിനെ എതിർക്കുകയും മത്സരത്തിന് അരങ്ങൊരുങ്ങുകയും ചെയ്തിരുന്നു. പിന്നീട് തുടർചർച്ചകളിൽ സമവായത്തിലെത്തിയതിനാൽ മത്സരം ഒഴിവായി.

ബേബിയുടെ എതിര്‍പക്ഷം പരിഗണിച്ചിരുന്ന കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയുടെ നിലപാട് പിബി യോഗത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. ബംഗാളില്‍നിന്നുള്ള മുഹമ്മദ് സലീമിനെ ധാവ്ളെ നിര്‍ദേശിച്ചു. എന്നാല്‍, സലീം താൽപര്യക്കുറവ് വ്യക്തമാക്കി. ഒടുവില്‍, ഭൂരിപക്ഷാഭിപ്രായം മാനിച്ച് ബേബിയെ നിര്‍ദേശിക്കാന്‍ പിബി തീരുമാനിക്കുകയായിരുന്നു.