മധുര: കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിച്ചെന്ന കാര്യം പരസ്യമായി സമ്മതിച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡി.എല്‍. കരാഡ്. ഒരു പാര്‍ട്ടി അംഗത്തിന്റെ അവകാശമാണ് താൻ വിനിയോഗിച്ചതെന്ന് കാരാഡ് പറഞ്ഞു. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കാരാഡ്.

To advertise here,

മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാഡ് മാത്രമാണ് മത്സരിച്ചത്. 

മത്സരം ആരോടുമുള്ള പ്രതിഷേധമല്ല, പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ രീതി ഉറപ്പുവരുത്തുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. ആര് ജനറല്‍ സെക്രട്ടറി ആയാലും ആരൊക്കെ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായിവന്നാലും അതിനെ അംഗീകരിക്കും. താന്‍ പാര്‍ട്ടിക്ക് ഒപ്പമാണ്. ഫലത്തേക്കുറിച്ച് ആശങ്കയില്ലെന്നും ഫലമെന്തായാലും പ്രശ്‌നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ നടക്കുന്നത് ഏകാധിപത്യരീതികളാണെന്ന് പലരും  ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍, സിപിഎമ്മില്‍ ജനാധിപത്യരീതി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍കൂടി വേണ്ടിയാണ് താന്‍ മത്സരിച്ചതെന്നും കാരാഡ് കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫലം വരുന്നതിന് മുന്‍പേ കാരാഡ് പാര്‍ട്ടി കോണ്‍ഗ്രസ് വേദി വിട്ടു. വിമാനത്തിന്റെ സമയം ആയതുകൊണ്ടാണ് പോയതെന്നാണ് വിശദീകരണം. കേന്ദ്ര കമ്മിറ്റി പാനലില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് യുപി, മഹാരാഷ്ട്ര ഘടകങ്ങള്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് കേന്ദ്ര കമ്മിറ്റി പാനലിലേക്ക് വോട്ടെടുപ്പ് എന്ന അസാധാരണ സാഹചര്യം രൂപപ്പെട്ടത്.