ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വിജയിച്ചെത്തുന്ന എം.എൽ.എ.മാരായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. യോഗി ആദിത്യനാഥ് തന്നെ വീണ്ടും മുഖ്യമന്ത്രിയാവുമോ അതോ മറ്റൊരാൾ ആ സ്ഥാനത്തെത്തുമോ എന്നത് തിരഞ്ഞെടുപ്പിനുശേഷമാണ് തീരുമാനിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗിയെ ഉയർത്തിക്കാട്ടാൻ മൗര്യ മടിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എ.ബി.പി. ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് മൗര്യയുടെ മറുപടി.

To advertise here,

ഇതേ പരിപാടിയിൽ പങ്കെടുത്ത യോഗി ആദിത്യനാഥിനുനേരെയും മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ബി.ജെ.പി.യുടെ മുഖം ആരായിരിക്കുമെന്ന ചോദ്യമുണ്ടായി. 'ആരാണ്, ആരായിരിക്കുമെന്ന് എല്ലാവർക്കുമറിയാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, യോഗിയുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ലെന്നും തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാറില്ലെന്നും മൗര്യ പറഞ്ഞു. ജയിച്ചെത്തുന്ന എം.എൽ.എ.മാർ കേന്ദ്ര നേതൃത്വവും പാർലമെന്ററി ബോർഡുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023-ൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി. പിന്തുടർന്നതും ഇതേ രീതിയാണെന്ന് മൗര്യ ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഭൂരിപക്ഷം നേടിയശേഷമാണ് മുഖ്യമന്ത്രിമാരെ തീരുമാനിച്ചത്.

2017 മുതൽ സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയായി തുടരുന്ന കേശവ് പ്രസാദ് മൗര്യ, കുശ്വാഹ-മൗര്യ സമുദായത്തിൽനിന്നുള്ള ഒ.ബി.സി. നേതാവാണ്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇരുനേതാക്കളും തമ്മിൽ ഭിന്നതയുണ്ടെന്ന തരത്തിലുള്ള ചർച്ചകൾക്കിടെയാണ് ഇരുവരുടെയും പരാമർശങ്ങൾ പുറത്തുവന്നത്. 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്.