
ന്യൂഡൽഹി/ന്യൂയോർക്ക്: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും യു.എസ്. നീതിന്യായ വകുപ്പ് പൂർണമായി ഒഴിവാക്കി. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന തട്ടിപ്പ് കേസുകളാണ് യു.എസ് പ്രോസിക്യൂട്ടർമാർ എന്നെന്നേക്കുമായി റദ്ദാക്കിയത്. കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് യു.എസ് അധികൃതരുടെ നിർണായക നീക്കം.
ഇതോടെ, കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ അദാനി ഗ്രൂപ്പിനെതിരെ യു.എസിലുണ്ടായിരുന്ന എല്ലാ നിയമനടപടികളും പൂർണ്ണമായി അവസാനിച്ചു.
മറ്റ് കേസുകളും ഒത്തുതീർപ്പിൽ
കഴിഞ്ഞ ആഴ്ച, ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവിൽ കേസുകൾ യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കിയിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി ആറ് മില്യൺ ഡോളറും, സാഗർ അദാനി 12 മില്യൺ ഡോളറും പിഴയൊടുക്കാൻ സമ്മതിച്ചതോടെയാണ് കേസ് തീർന്നത്.
തൊട്ടുപിന്നാലെ, യു.എസ്. ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്സ് കൺട്രോളിന്റെ (ഒ.എഫ്.എ.സി.) ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽ.പി.ജി. ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്ച ഒത്തുതീർപ്പായി. ഈ ചട്ടലംഘനത്തിന് 27.5 കോടി ഡോളർ (ഏകദേശം 2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിക്കുകയായിരുന്നു.
2024-ന്റെ അവസാനത്തിലാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സൗരോർജ്ജ കരാറുകൾ സ്വന്തമാക്കിയെന്നും ഇത് യു.എസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചുവെന്നും ആരോപിച്ച് യു.എസ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. എന്നാൽ ഈ കേസിന് യു.എസുമായി നേരിട്ട് ബന്ധമില്ലെന്നും കുറ്റാരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും പ്രോസിക്യൂട്ടർമാർ സമ്മതിക്കുകയായിരുന്നു.
Published: 18 May 2026, 10:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented