
ലഖ്നൗ: യു.പിയിൽ ഇനിമുതൽ ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും നിയമിക്കാൻ യു.പി.എസ്.സി മാനദണ്ഡങ്ങൾ പിന്തുടരേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് സർക്കാർ. തിങ്കളാഴ്ച അർധരാത്രി ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പാനലായിരിക്കും ഇനി ഡി.ജി.പിയേയും ചീഫ് സെക്രട്ടറിയേയും തിരഞ്ഞെടുക്കുക. തിരഞ്ഞെടുപ്പിനായി പുതിയ നിയമങ്ങളും കൊണ്ടുവന്നു.
ഈ നടപടിയോടെ സർക്കാർ ഇനി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പുതിയ ഡി.ജി.പിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പേരുകൾ അയയ്ക്കില്ല. ഡി.ജി.പി സ്ഥാനത്തേക്ക് അനുയോജ്യനായ ഒരാളെ സ്വതന്ത്രവും സുതാര്യവുമായ രീതിയിൽ തിരഞ്ഞെടുക്കുക എന്നതാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് മാർഗനിർദേശരേഖയിൽ വിശദീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടലുകൾക്ക് സാഹചര്യമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.
വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് പുറമേ സംസ്ഥാന ചീഫ് സെക്രട്ടറി, യു.പി.എസ്.സി നാമനിർദേശം ചെയ്യുന്ന വ്യക്തി, യു.പി പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാൾ, അഡീഷണൽ ചീഫ് സെക്രട്ടറി അല്ലെങ്കിൽ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, വിരമിച്ച ഡി.ജി.പി എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പാനലിലെ മറ്റംഗങ്ങൾ.
പുചിയ ഭേദഗതി പ്രകാരം ചുരുങ്ങിയത് രണ്ടുവർഷമായിരിക്കും ഡി.ജി.പിയുടെ സേവന കാലാവധി. പുതിയയാളെ നിയമിക്കുമ്പോൾ ഇയാൾക്ക് സർവീസിൽ ആറുമാസത്തെ സേവനം ബാക്കിയുണ്ടാകണം. ഇപ്പോഴത്തെ ഡി.ജി.പി പ്രശാന്ത് കുമാറിനെ തുടർച്ചയായ രണ്ടുവർഷത്തേക്ക് മുഴുവൻ സമയ ഡി.ജി.പിയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സർക്കാർ നീക്കത്തെ വിമർശിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.
Content Highlights: U P government modifies the process for appointing DGP and Chief Secretary
Published: 05 Nov 2024, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented