പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ആരവം) പരിപാടിക്ക് വിപുലമായ ഒരുക്കങ്ങൾ. വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുവന്ന രാഹുലിനെ ‘രാഹുൽ ബയ്യ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളികളോടെ അണികൾ സ്വീകരിച്ചു. കായസ്ഥ പാഠശാല ട്രസ്റ്റിന്റെ കീഴിലുള്ള കെ.പി. കോളേജ് മൈതാനത്തിൽ വൈകീട്ട് ആറുമണിക്കാണ് പരിപാടി തുടങ്ങുക.

To advertise here,

ആദ്യം വേദി അനുവദിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തതോടെ ട്രസ്റ്റ് വിവാദത്തിലായിരുന്നു. കോളേജ് മൈതാനത്ത് മഴകാരണം പരിപാടി നടത്താനാവില്ലെന്നായിരുന്നു ട്രസ്റ്റ് ഒരു കാരണമായി പറഞ്ഞത്. മഴയിൽ മൈതാനം ചെളിയിൽ കുതിർന്ന നിലയിലാണെങ്കിലും പ്ലാസ്റ്റിക് ഷീറ്റുകളും ഇരുമ്പുപാളികളുമിട്ട് നടപ്പാതയൊരുക്കിയിട്ടുണ്ട്, വേദിയിൽ. രാഹുലിന് കടന്നുപോകാനും പ്രത്യേകം വഴിയൊരുക്കി.

പരിപാടിയിൽ പങ്കെടുക്കാൻ രണ്ടുലക്ഷം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതായും ഒരുലക്ഷത്തോളംപേർ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ, മുപ്പതിനായിരം മുതൽ നാൽപ്പതിനായിരം വരെ വിദ്യാർഥികളെ പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു. രണ്ടുകോടിയുടെ പന്തലാണ് ഇതിനായി നിർമിച്ചത്. വേദിക്ക് അനുമതി രണ്ടാമത് നിഷേധിച്ചത് കാരണം വെള്ളിയാഴ്ചയാണ് പ്രധാനമായും പണി തുടങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കും ചുറ്റുമുള്ള പണി തുടരുകയാണ്.

രാഹുൽ വേദിയിലേക്ക് വരുമ്പോൾ പൊട്ടിക്കാൻ 10 ലക്ഷം രൂപയുടെ പടക്കം തയ്യാറാക്കിയിട്ടുള്ളതായി യു.പി.യിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാഹുൽ മാത്രമാവും വേദിയിലുണ്ടാവുക. പിന്നെ, വിദ്യാർഥികളും. വിദ്യാർഥികൾക്ക് റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് സ്റ്റേഷനിൽനിന്നും വരാൻ സൗജന്യ ഇ-റിക്ഷകളുമുണ്ട്. വിദ്യാർഥി തിരിച്ചറിയൽ കാർഡ് കാണിച്ചാൽമാത്രം മതി.

കനത്ത സുരക്ഷ, രണ്ടായിരത്തോളം പോലീസുകാർ

വേദി നിഷേധിച്ച് രാഹുലിന്റെ പരിപാടി പൊളിക്കാൻ യു.പി. സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രമിക്കുന്നെന്ന ആരോപണം വേദി വിവാദ സമയത്ത് കോൺഗ്രസ് ഡൽഹിയിലടക്കം പത്രസമ്മേളനം നടത്തി ആരോപിച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാൻ കനത്ത പോലീസ് സന്നാഹമാണുള്ളത്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചതായി ഉന്നത പോലീസ് വൃത്തങ്ങൾ പറഞ്ഞു. മൂന്ന് ഐ.പി.എസുകാർ, മൂന്ന് എ.ഡി.സി.പി., എട്ട് എ.സി.പി., രണ്ടായിരത്തോളം പോലീസുകാർ, ഒന്നര കമ്പനി പി.എ.സി., അഞ്ച് ക്യു.ആർ.എസ്., ഒൻപത് റിസർവ് പാർട്ടി എന്നിവ വിന്യസിച്ചതായി പോലീസ് വ്യക്തമാക്കി.