ന്യൂഡൽഹി: ഉന്നാവോ കേസിൽ മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന് ജാമ്യം നൽകിയതിനു പിന്നാലെ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. പ്രതിഷേധിച്ച പെൺകുട്ടിയുടെ മാതാവിനെ അർദ്ധ സൈനിക വിഭാഗം കൈയേറ്റം ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

To advertise here,

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ പെൺകുട്ടിയുടെ മാതാവ് പ്രതിഷേധിച്ചു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് അർദ്ധ സൈനിക വിഭാഗം വിലക്കുകയും പെൺകുട്ടിയുടെ മാതാവിനെ മർദ്ദിക്കുകയും ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുറത്തേക്ക് ചാടാൻ നിർബന്ധിച്ചുവെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ അതിജീവിതയും അമ്മയും അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ യോഗിത ഭയാനയും ഇന്ത്യ ഗേറ്റിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇവരെ പോലീസ് കസ്റ്റിഡിയിൽ എടുത്തു. ഇന്ന് രാവിലെ പെൺകുട്ടിയും മാതാവും മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിരുന്നു. എന്നാൽ സിആർപിഎഫ് ബസിൽ ഇവരെ തിരിച്ചെത്തിച്ചെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കി. പ്രതിഷേധിക്കാൻ അനുമതിയില്ലെന്നും ഇവരെ തിരികെ വീട്ടിലേക്ക് എത്തിക്കുന്നുവെന്നുമായിരുന്നു സിആർപിഎഫ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്.

തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസിൽ അതിജീവിതയേയും മാതാവിനേയും കൊണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ പോയി. ബസ്സിനകത്ത് വെച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ കൈമുട്ടുകൊണ്ട് അതിജീവിതയുടെ മാതാവിനെ മർദിച്ചു. ബസിനുള്ളിൽ വനിതാ സിആർപിഎഫ് ഉദ്യോഗസ്ഥർ ആരും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് മാതാവിനെ സിആർപിഎഫ് ഉദ്യോഗസ്ഥർ പുറത്തേക്ക് തള്ളിയിട്ടു. അതിജീവിതയേയും കൊണ്ട് ബസ് ഓടിച്ചു പോയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

“ഞങ്ങൾക്ക് നീതി ലഭിച്ചല്ല. എന്റെ മകളെ ബന്ദിയാക്കിയിരിക്കുന്നു. ഞങ്ങളെ കൊല്ലാനാണ് അവരുടെ ആഗ്രഹം. എന്നെ വഴിയിൽ തള്ളിയിട്ട് പെൺകുട്ടിയേയും കൊണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ പോയി”- പെൺകുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.