ഷില്ലോങ്: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ എതിര്‍പ്പുമായി മേഘാലയ മുഖ്യമന്ത്രിയും എന്‍.പി.പി. അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ.  ബി.ജെ.പി.യുടെ സഖ്യകക്ഷിയാണ് എന്‍.പി.പി. ഏകസിവില്‍കോഡ് ഇന്ത്യയുടെ വൈവിധ്യത്തെയും സാംസ്‌കാരിക സവിശേഷതകളെയും തകര്‍ക്കുമെന്ന് സാങ്മ പറഞ്ഞു.  

To advertise here,

ഇന്ത്യയുടെ യഥാര്‍ഥ ആശയത്തിനെതിരാണ് ഏകസിവില്‍കോഡ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ; അതാണ് ഇന്ത്യയുടെ ശക്തിയും. ഏതുതരത്തിലുള്ള ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്ന് അറിയില്ല. കരടിന്റെ ഉള്ളടക്കം കാണാതെ കൂടുതല്‍ പറയാനാവില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തനതായ ഒരു സംസ്‌കാരമുണ്ട്. അതിന് കേടുപാടുകള്‍ വരുത്തരുതെന്നും സാങ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ.യില്‍ അംഗമാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി.). മണിപ്പുര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ രാഷ്ട്രീയാടിത്തറയുള്ള പാര്‍ട്ടിയാണിത്. ഇവിടങ്ങളിലെല്ലാം പാര്‍ട്ടിക്ക് എം.എല്‍.എ.മാരുമുണ്ട്. മേഘാലയയില്‍ 60 നിയമസഭാ സീറ്റുകളില്‍ 28 സീറ്റുകളും നേടിയത് എന്‍.പി.പി.യാണ്. ബി.ജെ.പി.ക്ക് രണ്ട് എം.എല്‍.എ.മാരാണ് സംസ്ഥാനത്തുള്ളത്. 

അതിനിടെ ഏകസിവില്‍കോഡ് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും. ഈ മാസം അവസാനവാരം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്‍ അവതരിപ്പിച്ചശേഷം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാനാണ് ആലോചന.