ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ജാഗ്രത നിർദേശം വിമാനകമ്പനികൾക്ക്  നാല് ആഴ്ചകൾക്കു മുമ്പ് നല്‍കിയിരുന്നതായി ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

To advertise here,

2024 മേയ് 15ന് ബോയിങ് നിര്‍മ്മിച്ച അഞ്ച് വിമാനമോഡലുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റർമാർക്കായി ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മുന്നറിയിപ്പ് നിർദേശം പുറപ്പെടുവിച്ചിരുന്നതായി രേഖകൾ പുറത്തുവിട്ടു. ഇതിൽ അഹമ്മദാബാദ് അപകടത്തിൽപ്പെട്ട 787 ഡ്രീംലൈനർ വിമാനം ഉപയോഗിക്കുന്ന എയർ ഇന്ത്യയുമുണ്ടായിരുന്നു. 

ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പിൽ ബോയിംഗ് 737, 757, 767, 777, 787 മോഡലുകൾ ഉൾപ്പെട്ടിരുന്നുവെന്നും, ഈ മോഡലുകൾ ഉപയോഗിക്കുന്ന വിമാനക്കമ്പനികൾക്ക് വിമാനങ്ങളിലെ ഇന്ധന ഷട്ട്ഓഫ് വാൽവ് ആക്ടിവേറ്ററുകൾ  പരിശോധിക്കാനോ, അല്ലെങ്കിൽ മാറ്റിസ്ഥാപിക്കാനോ നിർബന്ധമായി നടപടി സ്വീകരിക്കാൻ നിർദ്ദേശവുമുണ്ടായിരുന്നതായി അതോറിറ്റി അറിയിച്ചു.

തുടർന്ന്, അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA)  നേതൃത്വത്തിൽ   സുരക്ഷാനിർദേശങ്ങൾ പുനഃപരിശോധിക്കുകയും ആവശ്യപ്പെട്ടിരിക്കുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. FAAയുടെ നിർദേശത്തിൽ, ഇന്ധന ഷട്ട്ഓഫ് വാൽവ് ആക്ടിവേറ്ററുകൾ, ഇന്ധന ചോർച്ചയും എഞ്ചിൻ ഓഫ് ആകുന്നതും തടയുന്നതിൽ നിർണായക ഘടകങ്ങൾ, അപകട സാധ്യതയുള്ള ഘടകങ്ങൾ എന്നിവ പ്രത്യേക ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന മുന്നറിയിപ്പുണ്ടായിരുന്നു.

എയർ ഇന്ത്യാ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടിലാണ്  ഇന്ധന നിയന്ത്രണ സ്വിച്ചുകളുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട വിഷയങ്ങൾ പുറത്ത് വന്നത്. ഓരോ എഞ്ചിനിലേക്കുമുള്ള ഇന്ധനത്തിന്റെ നിയന്ത്രണം ഈ സ്വിച്ചുകളിലൂടെയാണ് ചെയ്യുന്നത്.

വിമാനം പുറപ്പെടുന്നതിന് ശേഷമുള്ള സെക്കൻഡുകൾക്കുള്ളിൽ തന്നെ സ്വിച്ചുകൾ ദുരൂ​ഹമായി 'റൺ' നിലയിൽ നിന്ന് 'കട്ട്ഓഫ്' നിലയിലേക്കു മാറുകയായിരുന്നു. ഇതേത്തുടർന്നാണ് രണ്ടു എഞ്ചിനുകളും പ്രവർത്തനം നിർത്തിയത്. ഈ കണ്ടെത്തൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ വിശ്വാസ്യതയെയും അതിന്റെ സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ വലിയ സംശയങ്ങൾ ഉണർത്തിയിരുന്നു.