മുംബൈ: 24 മണിക്കൂറിനിടെ രണ്ടാം തവണയും ശരദ് പവാറിനെ കണ്ട് എന്‍സിപി പിളര്‍ത്തിയ അജിത് പവാറും സംഘവും. അനുരഞ്ജന നീക്കത്തിന്റെ ഭാഗമായിട്ടാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പ്രഫുല്‍ പട്ടേലും അടങ്ങുന്ന സംഘം ഇന്ന് വീണ്ടും പാര്‍ട്ടി സ്ഥാപകനെ കണ്ടത്.

To advertise here,

എന്നാല്‍ ഇത്തവണയും ശരദ് പവാറില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സംഘത്തിലുണ്ടായിരുന്ന പ്രഫുല്‍ പട്ടേല്‍ കൂടിക്കാഴ്ചയക്ക് ശേഷം പറഞ്ഞു.

'ഇന്ന് ഞാനും അജിത് പവാറും സുനില്‍ താത്കറെയും വൈ.ബി.ചവാന്‍ സെന്ററില്‍ ശരദ് പവാറിനെ കണ്ടു. ഒറ്റക്കെട്ടാകണമെന്ന് ഞങ്ങള്‍ വീണ്ടും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം കേട്ടുവെങ്കിലും ഒന്നിനും മറുപടി നല്‍കിയില്ല'  പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

പിളര്‍പ്പിന് ശേഷം ആദ്യമായി ഇന്നലെയാണ് അജിത് പവാറും സംഘവും  ശരദ് പവാറിനെ കണ്ടത്. ഒറ്റക്കെട്ടാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമാനമായ പ്രതികരണമായിരുന്നു ശരദ് പവാറില്‍ നിന്നുണ്ടായത്.

പാര്‍ട്ടി വിട്ടവര്‍ ശരദ് പവാറിനോട് ഖേദ പ്രകടനം നടത്തിയെന്ന് ഔദ്യോഗിക പക്ഷ നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലെ പിളര്‍പ്പും അനുരഞ്ജന നീക്കങ്ങള്‍ക്കുമിടെ ബെംഗളൂരുവില്‍ ഇന്ന് ആരംഭിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന്‌ ശരദ് പവാര്‍ വിട്ടുനില്‍ക്കുകയാണ്. സുപ്രിയ സുലെയാണ് എന്‍സിപിയെ പ്രതിനിധീകരിക്കുന്നത്. പട്‌നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് എന്‍സിപിയില്‍ പിളര്‍പ്പുണ്ടായത്.

ഇതിനിടെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താനും അജിത് പവാറും എന്‍സിപിയെ പ്രതിനിധീകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.