തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണക്കവർച്ചയ്ക്ക് പിന്നിൽ മഞ്ഞലോഹത്തിനുവേണ്ടിയുള്ള അത്യാർത്തിയും ബിസിനസ് വളരുന്നതിലെ വൈരാഗ്യവുമെന്ന് സ്ഥിരീകരിച്ച് പോലീസ്. കവർച്ചാനാടകമാണോയെന്ന് ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തിനുൾപ്പെടെ സംശയമുണ്ടായിരുന്നുവെങ്കിലും പ്രതികളെ സാഹസികമായി പിടികൂടി ചോദ്യം ചെയ്തതോടെയാണ് കവർച്ചയ്ക്ക് പിന്നിലെ ആസൂത്രണത്തിന്റെ ചുരുളഴിയുന്നത്.

To advertise here,

വൈഷ്ണവി ജൂവലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ സമീപത്തെ ജൂവലറി ഉടമകൾക്കും സ്വർണ ഏജന്റായ അമൂലിനുമടക്കമുണ്ടായ അസൂയയാണ് സ്വർണം തട്ടിയെടുക്കലിലേക്ക് നയിച്ചത്. പിടിക്കപ്പെടില്ലെന്നും ക്രിമിനൽ സംഘങ്ങളിൽ അന്വേഷണമൊതുങ്ങുമെന്നും കരുതിയെങ്കിലും പോലീസിന്റെ കൃത്യമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ പിടിയിലായി. ചാലയിലെ മാളവിക ജൂവലറി ഉടമ ജയറാമിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, കാണാതായ രണ്ട് കിലോ സ്വർണത്തിൽ 448 ഗ്രാം മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളൂ.

വയനാട്ടിൽനിന്ന് പിടിയിലായ തിരുവനന്തപുരം സ്വദേശികളായ അനിൽ, അനൂപ്, വിനോദ്, തലസ്ഥാനത്ത് പിടിയിലായ അമൂൽ, ദിലീപ് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. വയനാട്ടിൽ പിടിയിലായ രാജീവിനെ കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടതോടെ നോട്ടീസ് നൽകി വിട്ടയച്ചിരുന്നു. വയനാട്ടിൽവെച്ചുള്ള പരിശോധനക്കിടയിൽ ശ്രാവൺ എന്ന പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.

വർഷങ്ങളുടെ ബന്ധം; പക്ഷേ...

ഇരുപത് വർഷത്തിലേറെയായി ചാലയിൽ സ്വർണവ്യാപാരം നടത്തുന്നയാളാണ് നന്ദകുമാർ. പഴയ സ്വർണം വാങ്ങി വിൽക്കുന്നതടക്കമുള്ള ജോലികളാണ് മുഖ്യമായും ചെയ്യുന്നത്. മറ്റു വ്യാപാരികളെക്കാളും ഉയർന്ന വില നൽകിയാണ് നന്ദകുമാർ പലപ്പോഴും സ്വർണം വാങ്ങിയിരുന്നത്. ഇത് നന്ദകുമാറിന്റെ ബിസിനസ് വളർച്ചയ്‌ക്കൊപ്പം ശത്രുക്കൾ വളരുന്നതിനും കാരണമായി. ഉയർന്ന വിലയ്ക്ക് സ്വർണം വാങ്ങുന്നതിലുള്ള വിയോജിപ്പ് നന്ദകുമാറിനോട് മറ്റ് വ്യാപാരികൾ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ഫലമില്ലാതെ വന്നതോടെ ക്വട്ടേഷൻ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് രണ്ട് ദിവസംമുൻപ് മാളവിക ജൂവലറി ഉടമ തന്നെ ഭീഷണിപ്പെടുത്തിയതായും നന്ദകുമാർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ക്രിമിനൽ സംഘങ്ങളുടെ സഹായം തേടി

ചാലയിൽ തന്നെ സ്വർണവ്യാപാരം നടത്തുന്നയാളാണ് മഹാരാഷ്ട്ര സ്വദേശിയായ അമൂൽ. ഇയാളും ദിലീപും ഗൂഢാലോചനയിൽ മുഖ്യപങ്കാളിയാണ്. നന്ദകുമാർ ചെയ്യുന്നതിന് സമാനമായി സ്വർണം ശുദ്ധീകരിച്ച് വിൽക്കുന്നതടക്കമുള്ള ജോലികൾ തന്നെയാണ് അമൂലും ചെയ്യുന്നത്. നന്ദകുമാറുമായി ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നു. സംഭവദിവസം രാവിലെയും അമൂൽ പത്ത് ലക്ഷം രൂപയുടെ സ്വർണം നന്ദകുമാറിന് വിറ്റിരുന്നു. ഈ സ്വർണവും മറ്റുള്ളവയും നന്ദകുമാറിന്റെ കൈവശമുണ്ടെന്ന് അമൂലിന് അറിയാമായിരുന്നു. ഇത് തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

നന്ദകുമാറിന്റെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചശേഷം അമൂൽ തന്റെ പരിചയക്കാരനായ ശ്രാവൺ വഴി അനൂപ്, ഷാഡോ അനിൽ, വിനോദ് എന്നിവരുടെ സഹായം തേടുകയായിരുന്നു. ദിലീപും ഇതിൽ പങ്കാളിയായി. നന്ദകുമാർ കടയിൽനിന്ന് ഇറങ്ങുന്ന വിവരമടക്കം ചോർത്തിനൽകിയത് ശ്രാവണാണ്. അനിലിന്റെ ബൈക്കിലെത്തിയാണ് സ്വർണം നന്ദകുമാറിൽനിന്നു മരക്കട ഭാഗത്തുവെച്ച് തട്ടിയെടുത്തത്.

അതേസമയം, കൃത്യമായ ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. അമൂലിനെ ഞായറാഴ്ച ഇയാളുടെ ചാലയിലെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

തുമ്പായത് ബൈക്ക്

സ്വർണം പൊട്ടിക്കൽ പോലുള്ളവ അപൂർവമായ തലസ്ഥാനത്ത് ചാലയിലെ സംഭവം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. രണ്ട് കിലോ സ്വർണമാണ് സിനിമാ സ്റ്റൈലിൽ തട്ടിയെടുത്തത്. എന്നാൽ പ്രതികൾ ചിന്തിച്ചതിനേക്കാൾ അപ്പുറം പോലീസ് ഉണർന്ന് പ്രവർത്തിച്ചപ്പോൾ 48 മണിക്കൂറിനുള്ളിൽ പ്രതികൾ പിടിയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരെക്കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഇതിലേക്ക് നയിച്ചതാകട്ടെ, ഒരു ബൈക്കും. സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി. കെ. പ്രദീപ്, എസ്.എച്ച്.ഒ. ആർ.എസ്. ശ്രീകാന്ത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ആർ.എസ്. ശ്രീകാന്തും സംഘവുമാണ് പ്രതികളുടെ പിന്നാലെ സഞ്ചരിച്ചത്. ഷാഡോ ടീം അടക്കമുള്ളവരുമുണ്ടായിരുന്നു.

ഹോണ്ടയുടെ ആഡംബര ബൈക്കിലെത്തിയാണ് പ്രതികൾ നന്ദകുമാറിൽനിന്നു സ്വർണം തട്ടിയെടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് ഇക്കാര്യം തിരിച്ചറിഞ്ഞ പോലീസ് നഗരത്തിൽ ഇത്തരം ബൈക്കുകൾ ഉള്ളവരുടെ വിവരമെടുത്തു. ഇതേ മോഡലിലുള്ള മുന്നൂറോളം ബൈക്കുകൾ പരിശോധിച്ചാണ് പോലീസ് പ്രതികളിലൊരാളായ അനിലിലേക്കെത്തിയത്. ഇയാൾ മുൻപ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.

ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പോലീസ് ഫോൺ കോൾ വിവരങ്ങളടക്കം ശേഖരിക്കുകയും മറ്റ് പ്രതികളുടെ പങ്കു തിരിച്ചറിയുകയുമായിരുന്നു. ഇതിനിടെ ബൈക്ക് പാപ്പനംകോട് ഉപേക്ഷിച്ച് അനൂപിന്റെ കാറിൽ പ്രതികൾ നാഗർകോവിൽ വഴി മധുരയിലേക്ക് കടന്നു. പോലീസും പിന്നാലെയെത്തി. ടോൾ പ്ലാസകളിലെ സി.സി.ടി.വി.കൾ ഉൾപ്പെടെ നിരീക്ഷിച്ചും ഫാസ്ടാഗിൽ പണം നൽകിയത് കണ്ടെത്തിയും പിന്തുടർന്നു.

പോലീസ് കൂടെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ ബെംഗളൂരുവിലേക്കും അവിടെനിന്ന് മുത്തങ്ങവഴി വയനാട്ടിലേക്കുമെത്തി. പ്രതികൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പർ ഇതിനിടെ തലസ്ഥാനത്തുനിന്നുള്ള പോലീസ് സംഘം വയനാട് പോലീസിന് കൈമാറിയിരുന്നു. വയനാട് പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് പിടിയിലായത്. പിന്നീട് ഫോർട്ട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ ഏറ്റുവാങ്ങി. ഞായറാഴ്ച രാത്രിയോടെ തലസ്ഥാനത്ത് എത്തിച്ചു. രാജീവിനെ വയനാട്ടിലെത്തിയശേഷം സഹായത്തിനാണ് പ്രതികൾ വിളിച്ചുവരുത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടതോടെയാണ് ഇയാളെ നോട്ടീസ് നൽകി ഉപാധികളോടെ താത്കാലികമായി വിട്ടയച്ചത്.