ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവട വിവാദം കൊഴുക്കുന്നു. പാർട്ടിമാറാൻ തനിക്ക് 30-35 കോടിരൂപയുടെ വാഗ്ദാനം ലഭിച്ചെന്ന അവകാശവാദവുമായി ടിവികെ എംഎൽഎ എൻ. ഇളയരാജ രംഗത്തെത്തി. ടിവികെയുടെ പത്ത് എംഎൽഎമാരും ഒരു മന്ത്രിയും ഇതിനകം തന്നെ ഡിഎംകെയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് തന്നെ ബന്ധപ്പെട്ട തിരുനാവക്കരശ് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇളയരാജയുടെ പരാമർശം. ടിവികെ എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണത്തിൽ തിരുനാവക്കരശ്, നരേഷ്, ത്യാഗരാജൻ എന്നിവരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇളയരാജയുടെ വെളിപ്പെടുത്തൽ.

To advertise here,

‘താൻ ഇതിനകം പത്ത് ടിവികെ എംഎൽഎമാരെയും ഒരു മന്ത്രിയേയും ഡിഎംകെയ്‌ക്കൊപ്പം ചേരാൻ സമ്മതിപ്പിച്ചിട്ടുണ്ടെന്ന് തിരുനാവക്കരശ് പറഞ്ഞതായി ഇളയരാജ പറഞ്ഞു. സിറ്റിങ് മന്ത്രിയേയും സമ്മതിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ തിരുനാവക്കരശ്, പണമായി 30-35 കോടി രൂപ നൽകാമെന്നും കൂട്ടിച്ചേർത്തു. ലഭിക്കുന്ന വലിയ വാഗ്ദാനമാണെന്ന് പറഞ്ഞ തിരുനാവക്കരശ്, തന്നെ സമ്മതിപ്പിക്കാനും ശ്രമിച്ചു, ഇളയരാജ പറഞ്ഞു.

തിരുനാവക്കരശിന്റെ വാഗ്ദാനം താൻ ഉടനടി നിഷേധിച്ചെന്ന് പറഞ്ഞ ഇളയരാജ, മുഖ്യമന്ത്രി ജോസഫ് വിജയിനോട് കൂറുപുലർത്തുമെന്നും കൂട്ടിച്ചേർത്തു. ഇത്തരമൊരു കാര്യത്തിനാണ് വിളിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ഫോൺ എടുക്കുക പോലുമില്ലായിരുന്നെന്ന് തിരുനാവക്കരശിനോട് പറഞ്ഞായും എംഎൽഎ കൂട്ടിച്ചേർത്തു.