ചണ്ഡീഗഡ്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുമ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തിയത് ജോണി എന്നാണ്. വൈകാതെ സൗഹൃദം പ്രണയമായി മാറി, പേരിൽ കാര്യമില്ലെന്നും താനൊരു ഹിന്ദുവാണെന്നും അവളെ വിശ്വസിപ്പിച്ച് അവർ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച് ഭാര്യഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ആറുമാസത്തിന് ശേഷം അവിചാരിതമായി ഭർത്താവിന്റെ ആധാർ കാർഡ് കൈയിൽ കിട്ടിയ യുവതി ഞെട്ടി, അതിൽ 'ജോണി'ക്ക് പകരം 'ജാവേദ് ഖാൻ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അത് ട്വിസ്റ്റുകളുടെ തുടക്കം മാത്രമായിരുന്നു എന്ന് യുവതി വൈകാതെ മനസിലാക്കി.
ഭർത്താവ് നേരത്തേ വിവാഹിതനാണെന്നും ആ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ടെന്നും മാത്രമല്ല, തന്നെയും കുഞ്ഞിനെയും മതംമാറ്റാനടക്കം അയാൾ കുടുംബത്തോടൊപ്പം ചേർന്ന് പദ്ധതിയിട്ടിരുന്നു എന്നും അവർ മനസിലാക്കി. പിന്നെ അമാന്തിച്ചില്ല, നേരെ പോലീസ് സ്‌റ്റേഷനിലെത്തി, പരാതി നൽകി. ഹരിയാണയിലെ സോനിപ്പത്തിലുള്ള യുവതിയാണ് മുസ്ലിമാണെന്നും നേരത്തെ വിവാഹിതനാണെന്നുമുള്ള വിവരങ്ങൾ മറച്ചുവെച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച വ്യക്തി തന്നെയും കുഞ്ഞിനെയും മതംമാറ്റാൻ ശ്രമിച്ചുവെന്നും കഴിയാതെ വന്നപ്പോൾ ഉപേക്ഷിച്ചുവെന്നും പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നതിങ്ങനെ. ഇൻസ്റ്റഗ്രാം വഴിയാണ് യുവതി ജാവേദുമായി പരിചയത്തിലായത്. സോനിപ്പത്ത് സ്വദേശിയായ ജോണി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് പേരിൽ കാര്യമില്ലെന്നും താൻ ഹിന്ദുവാണെന്നും വിശ്വസിപ്പിച്ചാണ് യുവതിയോടെ സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം പതിയെ പ്രണയമാവുകയും പിന്നാലെ ഇരുവരും ഹൈന്ദവ ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏകദേശം ആറുമാസത്തിന് ശേഷമാണ് ഭർത്താവിന്റെ യഥാർത്ഥ വ്യക്തിത്വം തന്നോട് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണെന്ന് യുവതി തിരിച്ചറിഞ്ഞത്.
ഇയാളുടെ ബാഗിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ ജാവേദ് ഖാൻ എന്ന പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ജാവേദ് സമ്മതിച്ചതായി യുവതി പറയുന്നു. എന്നാൽ പ്രശ്‌നങ്ങൾ അവിടെ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു ദിവസങ്ങൾക്കകം ജാവേദിന്റെ ആദ്യ ഭാര്യ എന്ന് അവകാശപ്പെട്ട് ഒരു യുവതി ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തി. 12 വർഷം മുമ്പ് ജാവേദുമായുള്ള വിവാഹം കഴിഞ്ഞതാണെന്നും തങ്ങൾക്ക് മൂന്ന് കുട്ടികളുണ്ടെന്നും അവകാശപ്പെട്ട അവർ ജാവേദിനെ അവർക്കൊപ്പം കൂട്ടിക്കൊണ്ടുപോയി.
കുറച്ചു ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ജാവേദ്, തന്നോടൊപ്പം ജീവിക്കുന്നത് തുടരരുതെന്ന് കുടുംബം സമ്മർദ്ദം ചെലുത്തുന്നതായി അറിയിച്ചുവെന്ന് യുവതി പറഞ്ഞു. എന്നാൽ അതിനുപിന്നാലെ ജാവേദ് തന്നെയും കൂട്ടി ഉത്തർപ്രദേശിലേക്ക് താമസം മാറുകയും ഒരുമിച്ച് ജീവിക്കുന്നത് തുടരുകയും ചെയ്തു. യുപിയിലെ ബുധാനയിൽ താമസിക്കുമ്പോഴാണ് ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ചത്. പിന്നീട് ഇരുവരും സോനിപത്തിലേക്ക് മടങ്ങിയെത്തുകയും അവിടെ താമസം തുടരുകയും ചെയ്തു.
എന്നാൽ തിരിച്ചെത്തിയ ശേഷം ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെയും കുഞ്ഞിനെയും മതംമാറ്റാൻ സമ്മർദം ചെലുത്തിയിരുന്നതായി യുവതി ആരോപിക്കുന്നു. ഇതും പറഞ്ഞ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്തതായും യുവതി പറയുന്നു. ഇതിന് സമ്മതിക്കാതെ വന്നതോടെ ഭർത്താവും കുടുംബവും തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതായി യുവതി പറയുന്നു. പിന്നാലെയാണ്, ഏകദേശം ഒരാഴ്ചയായി ഭർത്താവിനെയും കുടുംബത്തെയും കാണാനില്ലെന്ന് ആരോപിച്ച്് യുവതി ആ കുടുംബത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രാദേശിക പോലീസ് സ്റ്റേഷനെ സമീപിച്ചത്.
വ്യക്തിത്വം മറച്ചുവെക്കൽ, മർദനം, അതിക്രമം, ഭീഷണിപ്പെടുത്തൽ മതം മാറ്റാൻ സമ്മർദ്ദം ചെലുത്തൽ എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് യുവതി ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. യുവതി ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതുണ്ട്. പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. കേസുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Content Highlights: A woman discovered her husband, who introduced himself as "Johnny" on Instagram, was actually named Javed Khan and was already married with three children, leading her to file a police complaint. The husband allegedly deceived her by hiding his true identity and religion, married her under Hindu customs, and later attempted to convert her and their child to his religion.
Published: 07 Oct 2026, 07:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented