ചെന്നൈ: നിയമസഭാതിരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാൻ ഏതെങ്കിലും പ്രമുഖ കക്ഷിയുമായി സഖ്യമുണ്ടാക്കണമെന്ന അഭിപ്രായം തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) പ്രബലമാകുന്നു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കില്ലെന്ന് ടി.വി.കെ. നേതാക്കൾ ശനിയാഴ്ചയും ആവർത്തിച്ചെങ്കിലും ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വം ചെയ്തത്.

To advertise here,

ഡി.എം.കെ.യെ രാഷ്ട്രീയശത്രുവായും ബി.ജെ.പി.യെ പ്രത്യയശാസ്ത്രശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടി.വി.കെ.യെ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി. ദേശീയനേതൃത്വം കിണഞ്ഞുശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കരൂർ ദുരന്തത്തിലെ സി.ബി.ഐ. കേസും ‘ജനനായകൻ’ സിനിമയുടെ സെൻസർ കുരുക്കും ടി.വി.കെ. നേതാവ് വിജയിനെ സമ്മർദത്തിലാക്കാൻ ബി.ജെ.പി. നേതൃത്വം ഉപയോഗിക്കുന്നുണ്ട്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ വഴിയും ബി.ജെ.പി. ശ്രമം തുടരുന്നതായാണ് റിപ്പോർട്ട്.

വിവിധ മണ്ഡലങ്ങളിൽ ടി.വി.കെ.യുടെ ജയസാധ്യത വിലയിരുത്താൻ വെള്ളിയാഴ്ച ചേർന്ന ജില്ലാഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ പ്രയാസമില്ലെങ്കിലും തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള ഭാരിച്ച ചെലവ് താങ്ങാൻ ശേഷിയുള്ളവർ കുറവാണെന്ന് ഓൺലൈൻയോഗത്തിൽ പങ്കെടുത്ത ജില്ലാനേതാക്കൾ ചൂണ്ടിക്കാണിച്ചു. ഒരു മണ്ഡലത്തിലെ സ്ഥാനാർഥി ശരാശരി അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. തനിച്ച് ഇത്രയും പണം സമാഹരിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾ പറഞ്ഞു. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നതാണ്‌ നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.

ടി.വി.കെ.യെപ്പറ്റി ദിവസവും ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗികപ്രസ്താവനകൾമാത്രമേ വിശ്വസിക്കാവൂ എന്നും ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ ശനിയാഴ്ച പറഞ്ഞു. എൻ.ഡി.എ.യിൽ പോകില്ലെന്ന പാർട്ടി നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാൽ അവർ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുമോയെന്നും നിർമൽ കുമാർ ചോദിച്ചു.

ടി.വി.കെ.യുമായി സഖ്യത്തിന് നീക്കമുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തയ്യാറായില്ല. ‘‘നിങ്ങൾക്ക് സഖ്യമാണ് വലുത്, ഞങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നത്’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌ക്ക്‌ സി.ബി.ഐ. സമൻസ് അയച്ചതിൽ ബി.ജെ.പി.ക്ക് ഒരു പങ്കുമില്ലെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു. കരൂർ കേസിൽ ഞായറാഴ്ച വിജയ്‌യെ സി.ബി.ഐ. വീണ്ടും ചോദ്യംചെയ്യും.