ഭോപ്പാൽ: ട്വിഷ ശർമ കേസിൽ നിർണായക അറസ്റ്റുമായി സിബിഐ. ട്വിഷയുടെ ഭർതൃമാതാവും റിട്ട. ജഡ്ജിയുമായ ഗിരിബാല സിങ്ങിനെ സിബിഐ ശനിയാഴ്ച അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെ ഗിരിബാല സിങ്ങിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം അവരെ ദീർഘനേരം ചോദ്യംചെയ്യുകയും വൈകുന്നേരം 5.10-ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

To advertise here,

മേയ് 12-ാം തീയതിയാണ് മുൻ മോഡൽ കൂടിയായ ട്വിഷ (33) യെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹംകഴിഞ്ഞ് കേവലം അഞ്ചുമാസത്തിനിപ്പുറമായിരുന്നു മരണം. ഭർതൃവീട്ടിൽനിന്ന് സ്ത്രീധനപീഡനവും ക്രൂരതകളും മാനസിക പീഡനവും ട്വിഷയ്ക്ക് ഏൽക്കേണ്ടിവന്നിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കഴിഞ്ഞ ദിവസമാണ് ട്വിഷയുടെ കേസ് സിബിഐ സംസ്ഥാന പോലീസിൽനിന്ന് ഏറ്റെടുത്തത്. 

നേരത്തെ ഗിരിബാലയ്ക്ക് ഭോപ്പാലിലെ അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് സിബിഐയുടെ നീക്കം.

ഹൈ സെൻസിറ്റിവിറ്റി 3 ഡി ക്യാമറ ഉപയോഗിച്ച് വിശദമായ ഫോറൻസിക് പരിശോധനയും ഇന്ന് ഗിരിബാലയുടെ വസതിയിൽ സിബിഐ നടത്തിയിരുന്നു. വീട്ടുപരിസരം ഉൾപ്പെടെയുള്ളിടത്തെ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ട്വിഷയുടെ ഭർത്താവും അഭിഭാഷകനുമായ സമർഥ് സിങ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. തുടർന്ന് പത്തുദിവസത്തിന് ശേഷം മേയ് 23-ന് കോടതി മുൻപാകെ കീഴടങ്ങുകയായിരുന്നു.