കൊല്‍ക്കത്ത: അസുഖം ബാധിച്ച് അവശയായിരിക്കുമ്പോഴാണ് അവള്‍ക്ക് പത്താംക്ലാസ് വാര്‍ഷിക പരീക്ഷ എത്തുന്നത്. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ സ്വദേശിയായ തോയ്ബി മുഖര്‍ജി അവശതകള്‍ക്കിടയിലും പരീക്ഷ എഴുതിത്തീര്‍ത്തു. ഫലം വന്നു. സ്‌കൂളിലെ ഒന്നാം റാങ്ക് തോയ്ബി മുഖര്‍ജിക്ക്. എന്നാല്‍ അത് ആഘോഷിക്കാന്‍ അവളില്ലായിരുന്നു. ഫലം വരുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, മഞ്ഞപ്പിത്തത്തോട് പോരാടി ആ 16 വയസ്സുകാരി മരണത്തിന് കീഴടങ്ങിയിരുന്നു.

To advertise here,

കടുത്ത പനിബാധിത ആയിട്ടാണ് തോയ്ബി പരീക്ഷ എഴുതിയിരുന്നത്. പരീക്ഷയ്ക്ക് ശേഷമാണ് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയത്. അപ്പോഴേക്കും അവളുടെ കരള്‍ പൂര്‍ണ്ണമായും തകരാറിലായിരുന്നു. ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോയെങ്കിലും ഏപ്രില്‍ 16 ന് ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവള്‍ പരാജയപ്പെട്ടു.

ബംഗാള്‍ ബോര്‍ഡ് പരീക്ഷാഫലം ഇന്നലെ പുറത്തുവന്നപ്പോള്‍, അവളുടെ സ്‌കൂളായ ഉമാ റാണി ഗോരായ് മഹിളാ കല്യാണ്‍ സ്‌കൂളിലെ റാങ്ക് പട്ടിക കണ്ടവരുടെയെല്ലാം ഹൃദയംനുറുങ്ങി.

പരീക്ഷ എഴുതുന്ന സമയത്ത് അവശയായിരുന്നു ഈ പെണ്‍കുട്ടിയെന്ന് ഹെഡ്മിസ്ട്രസ് പപാരി മുഖര്‍ജി പറഞ്ഞു.

'അവള്‍ ഒന്നാമതോ രണ്ടാമതോ എത്തുമെന്ന് എല്ലാവരും പറഞ്ഞു. ഞങ്ങള്‍ അത് ഒരിക്കലും വിശ്വസിച്ചില്ല. ആദ്യ പത്തിനുള്ളില്‍ വരുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഈ ഫലം കാണാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അവള്‍ക്ക് ഒരുപാട് സന്തോഷമായേനെ. അവള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍, ദിവസം മുഴുവന്‍ ടെലിവിഷന് മുന്നില്‍ ഇരുന്നേനെ'മാതാവ് സബിത മുഖര്‍ജി പ്രതികരിച്ചു.