കാളികാവ്: മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരെ കൂടി ഉൾപ്പെടുത്തിയാൽ രോഗബാധിതരുടെ എണ്ണം ഇതിലും കൂടുമെന്നാണ് വിലയിരുത്തൽ. മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേർ മരിക്കുകയും ചെയ്തു.
തോട്ടം മേഖലയോട് ചേർന്നുള്ള മലയോര പഞ്ചായത്തുകളിലാണ് രോഗവ്യാപനം കൂടുതൽ. കാളികാവ്, തുവ്വൂർ, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തുവ്വൂർ പഞ്ചായത്തിൽ മാത്രം 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം കരളിലേക്ക് വ്യാപിച്ച് ഒരാൾ ഞായറാഴ്ച മരിക്കുകയും ചെയ്തു. ചോക്കാട് പഞ്ചായത്തിൽ 12 പേർക്കും കാളികാവിൽ വിവിധയിടങ്ങളിലായി 10 പേർക്കും രോഗം സ്ഥിരീകരിച്ചു. കരുവാരക്കുണ്ട് പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി 10-ലേറെ പേർക്കും രോഗം ബാധിച്ചു.
തുവ്വൂർ പഞ്ചായത്തിലെ നീലാഞ്ചേരി നാരിയക്കംപൊയിൽ പ്രദേശത്താണ് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയത്. ഒരു സൽക്കാരത്തിൽ പങ്കെടുത്ത 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചോക്കാട് പഞ്ചായത്തിലെ പെരിങ്ങപ്പാറയിൽ ഒരേ മൈതാനത്ത് കളിച്ച ഒൻപതുപേർക്കും ഉദരംപൊയിലിലെ മൂന്നുപേർക്കുമാണ് രോഗം ബാധിച്ചത്. മഴക്കാലത്ത് രോഗവ്യാപനം കൂടുതൽ രൂക്ഷമാകാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗബാധിതരിൽനിന്നുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെയും മഞ്ഞപ്പിത്തം അതിവേഗം പകരാനിടയുള്ളതിനാൽ പൊതുജനങ്ങളും ഭക്ഷ്യവ്യാപാരസ്ഥാപനങ്ങളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ജാഗ്രതാനിർദേശങ്ങൾ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർക്കരുത്. കുട്ടികൾ തിളപ്പിക്കാത്ത വെള്ളം കുടിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
- ശൗചാലയം ഉപയോഗിച്ചശേഷം, ഭക്ഷണം കഴിക്കുന്നതിനു മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം.
- രോഗബാധിതർ ഭക്ഷണം പാചകം ചെയ്യുകയോ വിളമ്പുകയോ ചെയ്യരുത്. വിരുന്നുകൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണം.
- പനി, ശരീരവേദന, ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം.
Content Highlights: 150 confirmed hepatitis cases in Malappuram within one month., Two fatalities reported due to the outbreak., High infection rates in Kalikavu, Thuvvur, Chokkad, and Karuvarakundu., Health department warns of further spread during monsoon
Published: 05 Aug 2026, 10:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented