ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിന് ടിവികെ ആദ്യം ആവശ്യപ്പെട്ടത് അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമായിരുന്നു. എന്നാൽ വളരെ ഇടുങ്ങിയ സ്ഥലം ആയതുകൊണ്ടാണ് വേലുച്ചാമിപുരം നൽകാമെന്ന് പറഞ്ഞതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി. അമുദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉഴവർ മാർക്കറ്റ് ആയിരുന്നു രണ്ടാമതായി ടിവികെ ആവശ്യപ്പെട്ടിരുന്നത്. ഇവിടെ കുറഞ്ഞ ആളുകൾക്ക് മാത്രമേ ഒത്തുകൂടാൻ സാധിക്കൂ. വളരെ ഇടുങ്ങിയ സ്ഥലമായതുകൊണ്ടാണ് കത്ത് പരിശോധിച്ച ശേഷം നിലവിലെ സ്ഥലം അനുവദിച്ചതെന്ന് പി. അമുദ കൂട്ടിച്ചേർത്തു. വീഡിയോ സഹിതമായിരുന്നു സർക്കാർ വാർത്താ സമ്മേളനത്തിൽ വിജയ്‌യുടെ ആരോപണങ്ങൾക്ക് മറുപടിനൽകിയത്.
റാലിയിൽ പതിനായിരം പേർ പങ്കെടുക്കുമെന്നായിരുന്നു കത്തിൽ അറിയിച്ചിരുന്നത്. എന്നാൽ, മുൻ റാലികളുടെ അടിസ്ഥാനത്തിൽ മുൻകരുതലെന്നോണം ഇരുപതിനായിരം പേർ എത്തുമെന്ന് സർക്കാർ കണക്കാക്കിയിരുന്നു. ഇതനുസരിച്ച് പോലീസ് സുരക്ഷയും ഏർപ്പെടുത്തി. ഓരോ 50 പേർക്കും ഒരു പോലീസുകാരൻ എന്നതാണ് സാധാരണ രീതി. കരൂരിൽ ഓരോ 20 പേർക്കും ഒരു പോലീസുകാരൻ എന്ന രീതിയിലാണ് വിന്യസിച്ചത്. കരൂരിൽ ആദ്യംതന്നെ ആൾക്കൂട്ടം ഉണ്ടായിരുന്നു. അതുതന്നെ നിയന്ത്രണാതീതമായിരുന്നു. വിജയ്ക്കൊപ്പം മറ്റൊരു ആൾക്കൂട്ടവും ഉണ്ടായിരുന്നു. ഇത് രണ്ടും കൂടി ചേർന്നാണ് ജനക്കൂട്ടം നിയന്ത്രണാതീതമായതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി. അമുദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും വാർത്താ സമ്മേളനത്തിൽ സർക്കാർ മറുപടി നൽകി. വൈദ്യുതി വിച്ഛേദിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ജനററേറ്റർ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സൈഡിലുള്ള ഫോക്കസ് ലൈറ്റ് ആണ് ഓഫ് ആയത്. ജനറേറ്റർ സ്ഥാപിച്ചിരുന്നയിടത്തും വൻതോതിൽ ടിവികെ പ്രവർത്തകർ ഉണ്ടായിരുന്നു. ബാക്കിയുള്ള എല്ലായിടത്തും ലൈറ്റ് ഉണ്ട്. ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നിടത്തെ ലൈറ്റ് മാത്രമാണ് ഓഫ് ആയത്, പി. അമുദ പറഞ്ഞു.
സംഭവസ്ഥലത്ത് ലാത്തിച്ചാർജ്ജ് ഉണ്ടായിട്ടില്ല. വിജയ് ലക്ഷ്യത്തിലേക്ക് വരുമ്പോൾ കൂടെ ഒരു കൂട്ടം ഉണ്ടായിരുന്നു. പരിപാടി സ്ഥലവും ആദ്യംതന്നെ ആളുകളാൽ നിറഞ്ഞിരുന്നു. ഒരു പരിധിക്കപ്പുറത്തേക്ക് വാഹനം നീങ്ങാൻ സാധിക്കില്ലെന്നായപ്പോൾ പോലീസ് കൂടെ ഉണ്ടായിരുന്ന കൂട്ടത്തെ മാറ്റുകയായിരുന്നുവെന്ന് അമുദ പറഞ്ഞു.
ദുരന്തത്തിന് ശേഷം പ്രതികരിക്കാതിരുന്ന വിജയ് ചൊവ്വാഴ്ച വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ പരോക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു വിജയ്‌യുടെ പ്രതികരണം. ചീഫ് മിനിസ്റ്റര്‍ സര്‍, നിങ്ങള്‍ക്ക് പകപോക്കാനുള്ള പദ്ധതികളുണ്ടെങ്കില്‍ എന്നെ എന്തും ചെയ്‌തോളൂ. എന്റെ നേതാക്കളെയോ പ്രവര്‍ത്തകരെയോ തൊടരുത്. ഞാന്‍ വീട്ടിലോ ഓഫീസിലോ കാണും. നിര്‍ദിഷ്ടസ്ഥലത്ത് പ്രസംഗിക്കുകയല്ലാതെ ഞങ്ങള്‍ തെറ്റായി ഒന്നുംചെയ്തിട്ടില്ല. പക്ഷേ, ഞങ്ങളുടെ നേതാക്കള്‍ക്കെതിരേയും സുഹൃത്തുക്കള്‍ക്കെതിരേയും സാമൂഹികമാധ്യമങ്ങളില്‍ ഞങ്ങളുടെ പങ്കാളികളായവര്‍ക്കെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണ്. പക്ഷേ, എന്റെ രാഷ്ട്രീയയാത്ര കൂടുതല്‍ കരുത്തോടെ തുടരും എന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
Content Highlights: Tamil Nadu Govt. Clarifies Karur Crowd Incident, Responds to Actor Vijay's Claims
Published: 30 Sept 2025, 09:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented