ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിയമസഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ തന്റെ രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി ജോസഫ് വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) വെറും 'നടന്റെ പാർട്ടി' എന്ന് വിളിച്ച് പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു പ്രസംഗത്തിന്റെ പ്രധാന ഭാഗം. താൻ ഒരു സിനിമാ ഷൂട്ടിംഗ് സെറ്റിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രിയാകാൻ വന്നതാണെന്ന പരിഹാസങ്ങളെ വിജയ് തള്ളിപ്പറഞ്ഞു. തങ്ങളുടെ അധികാരം എളുപ്പത്തിൽ ലഭിച്ചതല്ലെന്നും പലവിധത്തിലുള്ള ഗൂഢാലോചനകളെയും നിയന്ത്രണങ്ങളെയും അതിജീവിച്ചാണ് തമിഴ് ജനതയുടെ ഹൃദയത്തിൽ ഇടംപിടിച്ചതെന്നും മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വ്യക്തമാക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സഖ്യവുമില്ലാതെ മത്സരിച്ച ടിവികെ 35 ശതമാനം വോട്ടും (ഏകദേശം 1.72 കോടി വോട്ടുകൾ) നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത് വിജയ് എടുത്തുപറഞ്ഞു.

To advertise here,

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്നുവെന്ന് വിജയ് ആവർത്തിച്ചു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ സമ്മർദ്ദം മൂലം തമിഴ്നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതും ചൂണ്ടിക്കാട്ടി അദ്ദേഹം നീറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നൽകണമെന്നതാണ് സംസ്ഥാനത്തിന്റെ താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി പ്രസംഗത്തിൽ വ്യക്തമാക്കി. നീറ്റ് പരീക്ഷ സമൂഹത്തിൽ അസമത്വം സൃഷ്ടിക്കുന്നുവെന്നും തമിഴ്നാട്ടിലെ മെഡിക്കൽ പഠന മോഹികളായ വിദ്യാർത്ഥികളോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷാ സമ്മർദ്ദം മൂലം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി, തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന നിലവിലുള്ള ഇരുഭാഷാ നയം തന്നെ സംസ്ഥാനത്തിന് മതിയെന്ന് പ്രഖ്യാപിച്ചു.

തന്റെ രാഷ്ട്രീയം ഒരു കുടുംബത്തിന് വേണ്ടിയുള്ളതല്ലെന്നും മറിച്ച് തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ കുടുംബ രാഷ്ട്രീയത്തെ പരോക്ഷമായി സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം. ടിവികെയും ഡിഎംകെയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസമായി വിജയ് ചൂണ്ടിക്കാട്ടുന്നത് കുടുംബ ഭരണത്തെയാണ്. ഡിഎംകെയുടെ രാഷ്ട്രീയം 'ഒരു കുടുംബത്തിന്' പ്രാധാന്യം നൽകുന്നതാണെന്നും എന്നാൽ തന്റെ രാഷ്ട്രീയം തമിഴ്നാട്ടിലെ 'ഓരോ കുടുംബത്തിനും' വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. 1967ൽ സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെയും 1977-ൽ എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയും സാധാരണക്കാർക്കായി സർക്കാർ രൂപീകരിച്ചതുപോലെ, 2026-ൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ഈ സർക്കാരും സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് റാലിക്കിടെ കരൂരിലുണ്ടായ അപകടത്തിൽ 41 പേർ മരിച്ച സംഭവത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കരൂരിലുണ്ടായ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ വളരെ വൈകാരികമായാണ് സംസാരിച്ചത്. ദുരന്തത്തിൽ 41 പേരുടെ ജീവൻ നഷ്ടപ്പെട്ടതിലുള്ള തന്റെ അതിയായ വേദന വാക്കുകൾക്ക് അതീതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വേദന തന്നെ ഒരിക്കലും വിട്ടുമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിന്റെ ഉത്തരവാദിത്വം തന്റെ മേൽ കെട്ടിവെക്കുന്ന രാഷ്ട്രീയ നീക്കത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'രാഷ്ട്രീയം ഇത്ര ക്രൂരമാണോ?' എന്ന് ചോദിച്ച അദ്ദേഹം, ഈ കുറ്റപ്പെടുത്തലുകളെ അങ്ങേയറ്റം ക്രൂരമായ നടപടിയായായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.