കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ് (ടിഎംസി). ഗുജറാത്തിലെ സൂറത്തിൽ നിന്ന് ബംഗാളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ബിജെപി സൗജന്യ തീവണ്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തൊട്ടുമുമ്പായി രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂട് കൊടുമുടിയിൽ നിൽക്കെയാണ് ആരോപണവുമായി ടിഎംസി രംഗത്തെത്തിയത്.

To advertise here,

തിരഞ്ഞെടുപ്പിന്റെ സമയത്ത് വോട്ടർമാർക്ക് സൗജന്യ യാത്രയും ഭക്ഷണവും നൽകുന്നത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കുന്നു. ഇതിന് തെളിവായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും അവർ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഈ നടപടി തിരഞ്ഞെടുപ്പിലെ തുല്യ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതാണെന്നും ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ ചിലവിൽ ഈ തുക ഉൾപ്പെടുത്തണമെന്നും ടിഎംസി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ആരംഭിക്കാനിരിക്കെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ് ഈ വിഷയം. ഗുജറാത്തിലെ സൂറത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് ബിജെപി സംഘടിപ്പിച്ച 'പ്രത്യേക ട്രെയിനുകൾ' എന്ന അവകാശവാദത്തോടെ ബിജെപി പങ്കുവെച്ചിരിക്കുന്ന വീഡിയോകൾ വലിയ തോതിൽ പ്രചരിക്കപ്പെടുന്നുണ്ട്.

ഇതിൽ ഒരു വീഡിയോയിൽ ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം', 'ഭാരത് മാതാ കി ജയ്' വിളികളോടെ യാത്രക്കാരെ യാത്രയാക്കുന്നത് കാണാം. കേന്ദ്രത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള ഇന്ത്യൻ റെയിൽവേയെ ഏതെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിക്കാൻ കഴിയില്ലെന്ന്, പരാതി നൽകിയ ടിഎംസി എംപി ഡെറിക് ഒബ്രിയാൻ ആരോപിക്കുന്നു.

ഇത്തരം ക്രമീകരണങ്ങൾ 'കോഴ', 'അഴിമതി' എന്നിവയ്ക്ക് തുല്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ബിജെപി ഗുജറാത്ത് ഘടകം ഉൾപ്പെടെയുള്ള ഭാരതീയ ജനതാ പാർട്ടി, പശ്ചിമ ബംഗാളിലെ രജിസ്റ്റർ ചെയ്ത വോട്ടർമാരായ കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കുകയും സൗജന്യ യാത്ര, ഭക്ഷണം, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ നൽകുകയും ചെയ്തതായി 'X'-ലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ബിജെപിക്ക് അനുകൂലമായി പിന്തുണക്കാരെ അണിനിരത്താനും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണമല്ലാതെ മറ്റൊന്നുമല്ല.' പരാതിയിൽ പറയുന്നു.

'പൊതുഖജനാവിലെ പണം ഉപയോഗിച്ച് ബിജെപി ഇത്തരത്തിൽ ഗതാഗത സൗകര്യം ഒരുക്കുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും സർക്കാർ നിയന്ത്രിത വിഭവങ്ങളിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചും ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. ബിജെപി തന്നെയാണ് ചെലവ് വഹിച്ചതെങ്കിൽ പോലും, ഇത്തരം സൗജന്യ സേവനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം തടഞ്ഞിട്ടുള്ളതാണ്. ബിജെപിയുടെ ഇത്തരം പ്രവൃത്തികൾ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അനാവശ്യമായ നേട്ടം നൽകുകയും അതുവഴി തുല്യ അവസരം എന്ന തത്വത്തെ ലംഘിക്കുകയും ചെയ്യുന്നു.' പരാതിയിൽ ആരോപിക്കുന്നു.

ബിജെപിക്കും നേതാക്കൾക്കുമെതിരെ നടപടിയെടുക്കണമെന്നും ഈ 'പ്രത്യേക ട്രെയിനുകൾക്കായി' ചെലവാക്കിയ തുക മുഴുവൻ ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കണമെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബിജെപിയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച നടക്കും.