
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ച സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ജനുവരി 10 മുതൽ 19 വരെ നടക്കുന്ന ഏകാദശി ദർശൻ കൂപ്പൺ വിതരണംചെയ്യുന്നതിനായി ഒൻപത് കേന്ദ്രങ്ങളിലായി 94 കൗണ്ടറുകൾ തുറന്നിരുന്നു. കൗണ്ടറിനുമുന്നിലേക്ക് ആളുകൾ തള്ളികയറിയതാണ് അപകടത്തിനുകാരണം.
വെള്ളിയാഴ്ചയാഴ്ചയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക വൈകുണ്ഠ ദ്വാരക ദർശനം നടക്കുന്നത്. ഇതിനായുള്ള ടോക്കൺ വാങ്ങുന്നതിനായി 4000-ലേറെ പേരാണ് വരി നിന്നിരുന്നത്. ഇതിനിടെ ബൈരാഗി പട്ടിഡ പാർക്കിൽ സജ്ജീകരിച്ചിരുന്ന ടോക്കൺ കൗണ്ടറിനുമുന്നിലെ വരിയിൽ നിന്നിരുന്ന മല്ലിക എന്ന സ്ത്രീ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലെത്തിക്കാനായി ഗേറ്റ് തുറന്നപ്പോൾ മറുഭാഗത്തുനിന്നുള്ള ഭക്തർ കൂട്ടമായി ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്നാണ് വൻതോതിൽ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ മരിച്ച ആറുപേരിലൊരാൾ മല്ലികയാണ്.
തിരുപ്പതി ക്ഷേത്ര ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു. "തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധ്യമായ മികച്ച ചികിത്സാ സഹായമാണ് ചെയ്തുവരുന്നത്. ഭക്തരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടികളെടുക്കും." റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ക്ഷേത്രം സന്ദർശിക്കുന്നുണ്ട്. ആഴത്തിൽ അസ്വസ്ഥതപ്പെടുത്തിയ സംഭവമെന്നാണ് കഴിഞ്ഞദിവസം അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. അപകടത്തിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
അപകടമുണ്ടായതിന് ഒരുദിവസം മുൻപ് തിക്കും തിരക്കും ഉണ്ടാവുന്നതിനേക്കുറിച്ച് ദേവസ്ഥാനം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ടോക്കൺ ഉള്ളവർക്കുമാത്രമേ ദർശനത്തിന് അനുമതിയുണ്ടായിരിക്കുകയുള്ളൂ എന്നും ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്തുമാത്രമേ ദർശനം അനുവദിക്കൂ എന്നും എക്സിക്യൂട്ടീവ് ഓഫീസർ ജെ.ശ്യാമള റാവു വ്യക്തമാക്കിയിരുന്നു. ക്ഷേത്രപരിസരത്ത് താമസത്തിനുള്ള സൗകര്യം പരിമിതമാണെന്നും അവർ അറിയിച്ചിരുന്നു.
വൻ ഭക്തജനത്തിരക്ക് മുന്നിൽക്കണ്ട് 3000 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരുപ്പതി, തിരുമല എന്നിവിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ തിരുപ്പതിയിൽ 1200 പേരും തിരുമലയിൽ 1800 പേരുമാണ് ഡ്യൂട്ടിക്കുണ്ടാവുക.
Content Highlights: Six pilgrims died and 40 injured in a stampede at Tirupati temple
Published: 09 Jan 2025, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented