നടനും കാർ റേസറുമായ അജിത് കുമാർ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ ഭക്തർക്കൊപ്പം ചിത്രമെടുത്ത അദ്ദേഹം തന്നെ തല എന്ന് വിളിച്ചവരോട് അങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. പത്തുമാസം നീണ്ട റേസിംഗ് സീസൺ പൂർത്തിയാക്കി അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയത്.

To advertise here,

ക്ഷേത്രദർശനത്തിനായി കോട്ടൺ ഷർട്ടും സിൽക്ക് മുണ്ടുമായിരുന്നു താരം ധരിച്ചിരുന്നത്. ക്ഷേത്രത്തിൽ ഒത്തുകൂടിയ ഭക്തർ അദ്ദേഹത്തെ കണ്ട് അമ്പരക്കുകയും 'തല' എന്ന് ആർത്തുവിളിക്കുകയും ചെയ്തു. ക്ഷേത്രപരിസരമായതിനാൽ ശബ്ദമുണ്ടാക്കരുതെന്ന് അജിത് അവരോട് ആവശ്യപ്പെട്ടു. മിണ്ടാതിരിക്കണമെന്ന് ആംഗ്യത്തിലൂടെയാണ് അദ്ദേഹം പറഞ്ഞത്.
 

ആരാധകർ സെൽഫികൾക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം ആദ്യം വിസമ്മതിച്ചു. എന്നാൽ കാഴ്ചപരിമിതിയും കേൾവി പരിമിതിയുമുള്ള ഒരു ആരാധകനൊപ്പം അദ്ദേഹം ചിത്രങ്ങളെടുത്തു.
 

കഴിഞ്ഞയാഴ്ച അജിത് കുമാർ, ഭാര്യ ശാലിനി, മകൻ ആദ്‌വിക് എന്നിവർക്കൊപ്പം പാലക്കാട് പെരുവെമ്പിലെ ഊട്ടുകുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിൻ്റെ നെഞ്ചിലെ ടാറ്റൂ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. കുടുംബക്ഷേത്രത്തിൽ മുൻപും വന്നിട്ടുള്ള അജിത്ത് എല്ലാ തവണയും മുൻകൂട്ടി അറിയിക്കാതെയാണ് എത്താറുള്ളത്. എല്ലാവർഷവും നിറമാലവിളക്കുനേർച്ച നടത്താറുണ്ട്. അജിത്തിന്റെ മാതാപിതാക്കൾ വർഷത്തിൽ ഒന്നിലധികംതവണ ഊട്ടുകുളങ്ങരയിൽ എത്താറുണ്ട്.

2025-ൽ 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ രണ്ട് സിനിമകളിലാണ് അദ്ദേഹത്തെ കണ്ടത്. 'വിടാമുയർച്ചി'ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചപ്പോൾ, 'ഗുഡ് ബാഡ് അഗ്ലി' ഈ വർഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നായി മാറി.