പട്ന: ബിഹാറിലെ ഛഠ് പൂജയുമായി ബന്ധപ്പെട്ട ആചാരത്തെയും ബിഹാറിലെ സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ സ്റ്റാൻഡ്-അപ്പ് കമേഡിയൻ യഷ് മഹേശ്വരിക്കെതിരെ പോലീസ് കേസെടുത്തു. നവംബർ 21-ന് 'മോറലി ക്വസ്റ്റ്യനബിൾ' എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച കോമഡി പരിപാടിയുടെ വീഡിയോയാണ് വിവാദമായത്.

To advertise here,

ഛഠ് പൂജയുടെ ഭാഗമായി ബിഹാറിലെ സ്ത്രീകൾ മൂക്കുമുതൽ നെറ്റിയിലെ മധ്യഭാഗംവരെ അണിയുന്ന സിന്ദൂരത്തെ പുരുഷ ജനനേന്ദ്രിയവുമായി താരതമ്യംചെയ്തായിരുന്നു യഷിയന്റെ പരാമർശം. സിന്ദൂരമണിഞ്ഞ സ്ത്രീകളെ ഹനുമാനോട് ഉപമിക്കുകയും ബിഹാറിലെ സ്ത്രീകളെയും ഹരിയാനയിലെ പുരുഷന്മാരെയും കുറിച്ച് അധിക്ഷേപകരമായ തമാശകൾ പറയുകയും ചെയ്തു. പരിപാടിക്കിടെ സദസ്സിലുള്ളവർ ചിരിച്ചെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു.

സംഭവത്തിൽ പട്ന സൈബർ പോലീസ് സ്റ്റേഷനിൽ യഷ് മഹേശ്വരിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്തെ 38 ജില്ലകളിലും കൊമേഡിയനെതിരെ കേസെടുക്കണമെന്ന് ബിഹാർ ബി.ജെ.പി നേതാവ് ഋതു ജയ്‌സ്വാൾ ആവശ്യപ്പെട്ടു. യഷ് 24 മണിക്കൂറിനകം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷക അമിത സച്‌ദേവ യഷിന് നോട്ടീസും അയച്ചു. 

പ്രതിഷേധം ശക്തമായതോടെ നവംബർ 24-ന് യഷ് മഹേശ്വരി യൂട്യൂബ് ചാനലിലൂടെ മാപ്പ് പറഞ്ഞ് വീഡിയോ പങ്കുവെച്ചു. പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാൽ, വീഡിയോയിൽ ഛഠ് പൂജയെയോ സിന്ദൂര ആചാരത്തെയോ ബിഹാറിലെ സ്ത്രീകളെയോ നേരിട്ട് പരാമർശിച്ചില്ല. ഇത് പ്രതിഷേധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.