കുപ്‌വാര: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ സേനയും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ശക്തമായ ഏറ്റമുട്ടലുണ്ടായത്. 

To advertise here,

വെടിവെപ്പ് നടന്ന ത്രിമുഖ വനമേഖല ആര്‍മി ക്യാമ്പിന് സമീപത്താണെന്നാണ് റിപ്പോര്‍ട്ട്. ലോലബ് താഴ്‌വര നിരീക്ഷിക്കുന്നതിനായുള്ള ക്യാമ്പാണിത്. ജമ്മുകശ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയതിന് ശേഷം മറ്റു ജില്ലകളിലേക്ക് കടക്കാനായി ഈ വനമേഖലയാണ് ഭീകരര്‍ ഉപയോഗിക്കുന്നത്.  

അടുത്തിടെ കുപ് വാരയിലെ കേരന്‍ മേഖലയില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും വെടിവെപ്പ് നടക്കുന്നത്. ഇവിടെ ജൂലൈ 14-ന് സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചിരുന്നു.

ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രോണുകള്‍, ക്ലാഡ്‌കോപ്റ്ററുകള്‍ എന്നിവയടക്കം ഉപയോഗിച്ചാണ് സൈന്യം ഭീകരരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നത്. നുഴഞ്ഞുകയറ്റങ്ങള്‍ക്കായി നിരന്തരം ഉപയോഗിക്കുന്ന പാത കൂടിയാണിത്.