ഹൈദരാബാദ്: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ 'ഭാഷായുദ്ധ'ത്തിന്റെ ഭാഗമാകാന്‍ തെലങ്കാനയും. സംസ്ഥാനത്തെ സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. 2018-ലെ തെലങ്കാന (കംപല്‍സറി ടീച്ചിങ് ആന്‍ഡ് ലേണിങ് ഓഫ് തെലുഗു ഇന്‍ സ്‌കൂള്‍സ്) ആക്ട് കര്‍ശനമായി നടപ്പാക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

To advertise here,

ഇതോടെ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും ഈ നിയമപ്രകാരം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമായി പഠിപ്പിക്കണം. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും തെലുങ്ക് നിര്‍ബന്ധമാക്കുന്ന തീരുമാനം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം തെലങ്കാന വിദ്യാഭ്യാസ വകുപ്പ് ഇതിനകം നല്‍കിക്കഴിഞ്ഞു. 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഡി.എം.കെയും താനും ഉള്ളിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ഹിന്ദി കൂടി പഠനഭാഷയാക്കണമെന്ന കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തിനെതിരെ ഡി.എം.കെയ്ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഭാഷ അടിച്ചേല്‍പ്പിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ സംസ്ഥാനത്തിന്റെ ഫണ്ട് കേന്ദ്രം കൈവശം വച്ചിരിക്കുകയാണെന്നും ആരോപിച്ചു.