മലയാളി താരം ദുൽഖർ സൽമാനോടുള്ള ആരാധന വെളിപ്പെടുത്തി തെലുങ്ക് നടി ഫാരിയ അബ്ദുള്ള. ദുൽഖറിനെ നേരിൽ കാണാനുള്ള ആഗ്രഹംകൊണ്ടാണ് താൻ സിനിമമേഖലയിലേക്ക് എത്തിയതെന്ന് നടി പറഞ്ഞു. സംവിധായകൻ തരുൺ ഭാസ്‌കർ നായകനാകുന്ന തെലുങ്ക് ചിത്രം 'ഗായപദ്ദ സിംഹ'ത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ ദുൽഖറിനെ സാക്ഷി നിർത്തിയായിരുന്നു നടിയുടെ വാക്കുകൾ.

To advertise here,

താൻ കണ്ട ആദ്യ ദുൽഖർ ചിത്രം 'ചാർളി'യാണെന്ന് നടി ഓർത്തെടുത്തു. 'ചാർളി' കണ്ടപ്പോൾ ചിത്രത്തിലെ നായികയായി താൻ സ്വയം സങ്കൽപ്പിക്കുമായിരുന്നു. ആ സിനിമ കണ്ടപ്പോൾ മുതൽ ദുൽഖറിനോട് പ്രത്യേക ഇഷ്ടമാണ്. ഭ്രാന്തമായ ആരാധനയാണെന്നും നടി കൂട്ടിച്ചേർത്തു.

എപ്പോഴെങ്കിലും ദുൽഖർ സൽമാനെ നേരിൽ കാണണം എന്ന ആഗ്രഹത്തോടെയാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് വന്നതെന്നും നടി പറഞ്ഞു. തന്റെ ആദ്യ സിനിമയുടെ പ്രൊമോഷനിടെ നടന്ന ഒരു സംഭവവും നടി ഓർത്തെടുത്തു. 'ജാതിരത്‌നലു' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുൽഖറിനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ദുൽഖൽ മറുപടി നൽകി. ഡി.എമ്മിൽ ദുൽഖറിന്റെ റിപ്ലൈ കണ്ട് താൻ ആവേശത്തിലായെന്നും ഫോൺ മുകളിലേക്കെറിഞ്ഞുപോയെന്നും നടി കൂട്ടിച്ചേർത്തു. താൻ ദുൽഖറിന്റെ വലിയ ആരാധികയാണെന്നും അദ്ദേഹത്തിന്റെ അഭിനയവും സ്വഭാവവും തനിക്ക് വളരേ ഇഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.

നാടകവേദികളിൽനിന്ന് സിനിമാമേഖലയിലെത്തിയ നടിയാണ് ഫാരിയ അബ്ദുള്ള. ഏതാനും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 'ജാതിരത്‌നലു' ആണ് ആദ്യചിത്രം. പ്രഭാസിന്റെ 'കൽക്കി 2898 എഡി' ചിത്രത്തിൽ ഉൾപ്പെടെ വേഷമിട്ടിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവാണ് നടി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ദുൽഖർ സൽമാൻ ആണ് 'ഗായപദ്ദ സിംഹ'ത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത്.