മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദൃശ്യം 3' ഒടിടി റിലീസ് അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് നിയമക്കുരുക്കിൽപ്പെട്ടത്. 'ദൃശ്യം 3' തെലുങ്ക് മൊഴിമാറ്റപ്പതിപ്പ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു.

To advertise here,

നിർമാണക്കമ്പനിയായ രാജ്കുമാർ തിയേറ്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ബെഞ്ച് റിലീസ് തടഞ്ഞത്. വെങ്കടേഷ് നായകനായ 'ദൃശ്യം' ഒന്നും രണ്ടുംഭാഗം റീമേക്കുകളുടെ നിർമാണ പങ്കാളികളാണ് രാജ്കുമാർ തിയേറ്റർ. തെലുങ്ക് റീമേക്ക് അവകാശം തങ്ങൾക്കാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ഡബ് ചെയ്ത പതിപ്പ് ഒടിടിയിലെത്തിയാൽ അത് ഭാവിയിലെ റീമേക്ക് സാധ്യതകളെ ബാധിക്കുമെന്ന് അവർ അവകാശപ്പെട്ടു.

നോട്ടീസ് അയച്ചിട്ടും എതിർകക്ഷികളാരും കോടതിയിൽ ഹാജരാവുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ ഹർജിക്കാരുടെ പകർപ്പവകാശം ലംഘിച്ചുകൊണ്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നതിൽനിന്ന് എതിർകക്ഷികളെയോ അവരുടെ ജീവനക്കാരെയോ ഏജന്റുമാരെയോ ലൈസൻസികളെയോ തടഞ്ഞുകൊണ്ട് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതായി കോടതി വ്യക്തമാക്കി.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.