ഹൈദരാബാദ്: തെലങ്കാനയിലെ ഗിഗ് തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലങ്കാന ഗിഗ് വർക്കേഴ്സ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി വെൽഫെയർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് അടക്കമുള്ള പരിരക്ഷയെ കുറിച്ച് പ്രഖ്യാപനമുണ്ടായത്. ആരോഗ്യ ഇൻഷുറൻസ്, സാമ്പത്തിക ആനുകൂല്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങി വിവിധ ക്ഷേമപദ്ധതികളാണ് പ്രഖ്യാപിച്ചത്.
ഗിഗ് തൊഴിലാളികൾക്ക് അഞ്ചുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും തെലങ്കാന സർക്കാർ ഉറപ്പാക്കുമെന്നും ഓരോ ഡെലിവറി ഇടപാടിൽ നിന്നും ഒരു ശതമാനം തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ വിവിധ നഗരങ്ങളിൽ ഇവർക്കായി വൈഫൈ സൗകര്യമുള്ള വിശ്രമകേന്ദ്രങ്ങൾ തയാറാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
ദീർഘനേരം യാത്ര ചെയ്യേണ്ടിവരുന്ന ഡെലിവറി തൊഴിലാളികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. നിലവിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേകം സൗകര്യങ്ങളില്ലാത്തതിനാലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് പൂർത്തിയാക്കിയ യാത്രകൾ, ഡെലിവറികൾ, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ മൊബൈൽ ഫോണിലൂടെ അറിയാൻ തൊഴിലാളികൾക്ക് സാധിക്കുന്ന സംവിധാനം നടപ്പാക്കും.
നേരത്തെ തെലങ്കാനയിലെ ഗിഗ് തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നും അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഇവർക്ക് സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അന്ന് കോൺഗ്രസ് പാർട്ടിയും മുഖ്യമന്ത്രിയും ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published: 14 Nov 2026, 02:59 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented