
ഹൈദരാബാദ്: സോണിയ ഗാന്ധിയുടെ ത്യാഗം കാരണമാണ് തെലങ്കാനയ്ക്ക് ക്രിസ്മസ് ആഘോഷിക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാവുകയും ഇതിനെതിരേ ബിജെപി രംഗത്തെത്തുകയുംചെയ്തു.
തെലങ്കാനയിൽ ഇന്ന് ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സോണിയ ഗാന്ധിയാണെന്നും അതിൽ സോണിയ ഗാന്ധിയുടെ നിർണായക പങ്കും ത്യാഗവും ഉണ്ടെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. സോണിയ ഗാന്ധിയുടെ ജന്മദിനത്തെയും തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച മാസത്തെയും പരാമർശിച്ച്, ഡിസംബർ മാസം തെലങ്കാനയ്ക്ക് പ്രത്യേക പ്രധാന്യമുള്ള മാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി അനുചിതമായ താരതമ്യങ്ങൾ നടത്തി മതപരമായ ആഘോഷത്തെ രാഷ്ട്രീയവത്കരിച്ചതായി ബിജെപി കുറ്റപ്പെടുത്തി. സോണിയ ഗാന്ധി ഒരിക്കലും ഹിന്ദു വിശ്വാസങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ജന്മനാ സ്വീകരിച്ച ക്രിസ്തുമതം അവർ ഇപ്പോഴും പിന്തുടരുന്നു. അധികാരത്തിലിരിക്കെ ജൻപഥിലെ അവരുടെ വസതിയിൽ ക്രിസ്മസ് ആഘോഷിച്ചിരുന്നതായും എന്നാൽ, ദീപാവലി ആഘോഷിച്ചിരുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ബിജെപി വക്താവ് ആർപി സിങ് പറഞ്ഞു.
എല്ലാവരും അവരവരുടെ മതവിശ്വാസങ്ങൾ പാലിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയുടെ പരാമർശം ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഹ്‌റു-ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താനാണ് രേവന്ത് റെഡ്ഡി ഇത്തരം പരാമർശം നടത്തിയതെന്ന് ബിജെപി നേതാവായ നളിൻ കോലിയും ആരോപിച്ചു.
Content Highlights: Telangana CM Revanth Reddy attributes Christmas celebrations to Sonia Gandhi`s sacrifice. BJP criticizes remark, calls it politicizing religion.
Published: 21 Dec 2025, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented