ചെന്നൈ: അധികാരനഷ്ടം ഒഴിവാക്കാൻ രാഷ്ട്രീയ എതിരാളികളായ അണ്ണാ ഡി.എം.കെ.യുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന ആവശ്യം ഡി.എം.കെ.യിൽ ശക്തമാകുന്നു. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എം.എൽ.എ.മാരോട് ചെന്നൈയിൽ തുടരാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എം.എൽ.എ.മാരുമായുള്ള ചർച്ചയ്ക്കായി പുതുച്ചേരിയിലാണ്.
നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ടി.വി.കെ.യെ ഗവർണർ ക്ഷണിക്കാൻ വൈകുന്നത് ഉപയോഗപ്പെടുത്തണമെന്ന നിർദേശമാണ് ഡി.എം.കെ.യിലെ രണ്ടാംനിരനേതാക്കൾ ഉയർത്തുന്നത്. അത് അപ്രായോഗികമാണെന്ന് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞെങ്കിലും അവർ പിൻമാറിയിട്ടില്ല.
വിജയ് മുഖ്യമന്ത്രിയായാൽ 10-15 വർഷം ദ്രാവിഡകക്ഷികൾ അധികാരത്തിൽനിന്ന് പുറത്തുനിൽക്കേണ്ടിവരുമെന്നും അത് ആത്മഹത്യാപരമായിരിക്കുമെന്നുമാണ് അവരുടെ നിലപാട്. എം.കെ. സ്റ്റാലിൻ തിരഞ്ഞെടുപ്പിൽ തോറ്റ പശ്ചാത്തലത്തിൽ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാവുന്നതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ഭാവിമുഖ്യമന്ത്രിയെന്നു വിളിച്ചാണ് വ്യാഴാഴ്ച വൈകീട്ട് എടപ്പാടിയെ പാർട്ടി പ്രവർത്തകർ എതിരേറ്റത്.
എടപ്പാടി വൈകീട്ട് ഗവർണറെ കാണുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയുണ്ടായില്ല. പുതുച്ചേരിയിലെ റിസോർട്ടിൽ താമസിപ്പിച്ചിട്ടുള്ള നിയുക്ത എം.എൽ.എ.മാരെ കാണാനാണ് അദ്ദേഹം പോയത്.
ഡി.എം.കെ.-അണ്ണാ ഡി.എം.കെ. സഖ്യനീക്കത്തെപ്പറ്റി ബുധനാഴ്ച രാത്രിതന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. രാവിലെ ഇരുകക്ഷികളുടെയും നേതാക്കൾ അത് നിഷേധിച്ചു. എന്നാൽ, വൈകുന്നേരത്തോടെ ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടുമുയർന്നു. പുതിയ സഖ്യങ്ങളുടെ കാര്യത്തിൽ ഡി.എം.കെ.യിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനാണ് ഏതുതീരുമാനവുമെടുക്കുക എന്നുമായിരുന്നു വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇതേക്കുറിച്ചു പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യ്ക്ക് 47 സീറ്റും ഡി.എം.കെ.ക്ക് 59 സീറ്റുമാണുള്ളത്. രണ്ടുപേരുംകൂടി ചേർന്നാൽ 106 സീറ്റേ ആവൂ. രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. അവരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാവും. ടി.വി.കെ.യ്ക്കും കോൺഗ്രസിനും കൂടി 112 സീറ്റുണ്ട്.
ഡി.എം.കെ.-അണ്ണാ ഡി.എം.കെ. സഖ്യ സർക്കാരും സാധ്യമെന്ന് ടി.വി. ചാനലിനുനൽകിയ അഭിമുഖത്തിൽ ഗവർണർ ആർലേക്കർ പറഞ്ഞിരുന്നു. ഡി.എം.കെ.-അണ്ണാ ഡി.എം.കെ. സഖ്യസർക്കാർ വന്നാൽ മുഴുവൻ എം.എൽ.എ.മാരെയും രാജിവെപ്പിക്കാൻ ടി.വി.കെ. ആലോചിക്കുന്നതായാണ് സൂചന.
Content Highlights: DMK and AIADMK considering a potential coalition to counter TVK's rise., Internal pressure within DMK to support Edappadi Palaniswami as CM to block Vijay., TVK contemplating mass resignation of MLAs to force a fresh mandate., Current seat distribution: TVK and Congress hold 112 seats; DMK and AIADMK combined hold 106., Governor's role remains critical in the formation of the 2026 government.
Published: 08 May 2026, 07:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented