ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിനെ ഗവർണർ രാജേന്ദ്ര അർലേക്കർ തുടർച്ചയായ രണ്ടാം ദിവസവും തിരിച്ചയച്ചു. കേവല ഭൂരിപക്ഷം തെളിയിക്കുന്നതിനായി 118 എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ച് വരാൻ ഗവർണർ വിജയ്‌യോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാജ്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഭൂരിപക്ഷം തെളിയിക്കാനുള്ള കൃത്യമായ അംഗബലം വിജയ്ക്കില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർക്കാർ രൂപീകരിച്ച ശേഷം അസ്ഥിരത ഉണ്ടാകാതിരിക്കാൻ രേഖാമൂലമുള്ള പിന്തുണ വേണമെന്ന് അദ്ദേഹം കർശന നിലപാടെടുത്തു.

To advertise here,

നിലവിൽ 112 എംഎൽഎമാരുടെ പിന്തുണയുമായാണ് വിജയ് ഗവർണറെ സമീപിച്ചത്. ഇതിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ് ഒന്ന് ഒഴിയുന്നതോടെ ടിവികെയുടെ അംഗബലം 107 ആയി മാറും. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 തികയ്ക്കാൻ 5 അംഗങ്ങളുടെ പിന്തുണ കൂടി വിജയ്ക്ക് ആവശ്യമാണ്. അതേസമയം ഗവർണറുടെ നിലപാടിൽ തമിഴ്‌നാട്ടിൽ പ്രതിഷേധമുയരുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നും വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) നേതാവ് തോൽ തിരുമാവളവൻ ആവശ്യപ്പെട്ടു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐയും പ്രതികരിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 164(1) പ്രകാരം മുഖ്യമന്ത്രിയെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിക്കാമെങ്കിലും, സ്ഥിരതയുള്ള സർക്കാർ ഉറപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഗവർണർ വ്യക്തമാക്കി.

അതേസമയം വിജയ്നെ സർക്കാരുണ്ടാക്കാനായി ക്ഷണിക്കാത്തത് ജനാധിപത്യത്തിന് അപമാനമാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ അഭിപ്രായപ്പെട്ടു. ഇതിനിടെ ഘടകക്ഷികൾ വിജയ്ക്ക് പിന്തുണ നൽകുന്നതിനോട് ഡിഎംകെയ്ക്ക് എതിർപ്പില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭരണപ്രതിസന്ധിയുണ്ടാവകയും വീണ്ടും തിരഞ്ഞെടുപ്പ് വരികയും ചെയ്താൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഡിഎംകെ ഭയപ്പെടുന്നത്.  തമിഴ്നാട്ടിൽ ഡിഎംകെ-എഐഎഡിഎംകെ ദശകങ്ങളായി തുടർന്നുപോന്ന ആധിപത്യം തകർത്തുകൊണ്ടാണ് വിജയ്‌യുടെ ടിവികെ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റം നടത്തിയത്. പിന്തുണ വർധിപ്പിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങൾ വിജയ് തുടരുകയാണ്.