വിക്രവാണ്ടി: രാഷ്ട്രീയത്തില്‍ താന്‍ ഒരു കുട്ടി ആണെങ്കിലും അതോർത്ത് ഭയപ്പെടുന്നില്ലെന്ന് നടന്‍ വിജയ്. വിക്രപാണ്ടിയില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള മേഖലയാണ് രാഷ്ട്രീയം. സയന്‍സും ടെക്‌നോളജിയും മാത്രമാണോ മാറേണ്ടതും വികസിക്കേണ്ടതും? എന്തുകൊണ്ട് രാഷ്ട്രീയം മാത്രം മാറാതിരിക്കുന്നു? അദ്ദേഹം ആരാഞ്ഞു. 

To advertise here,

പെരിയാര്‍, കാമരാജ്, ബി.ആര്‍. അംബേദ്കര്‍, വേലുനാച്ചിയാര്‍, അഞ്ചലൈ അമ്മാള്‍ എന്നിവരാണ് ടി.വി.കെയുടെ തലവന്മാരെന്നും വിജയ് പറഞ്ഞു. 
ആരുടെയും വിശ്വാസത്തിന് എതിരല്ല. 'ഒരേ കുലം ഒരേ ദേവന്‍' എന്നതാണ് നിലപാട്. പറച്ചില്‍ അല്ല പ്രവൃത്തിയാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയില്‍നിന്ന് ഇറങ്ങി അച്ഛന്റെയും അമ്മയുടെയും ആശീര്‍വാദം വാങ്ങിയ ശേഷമായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. 

ഈ രാഷ്ട്രീയം ഒക്കെ നമുക്ക് എന്തിനാണ്. സിനിമയില്‍ അഭിനയിച്ച് നാലുകാശ് സമ്പാദിച്ചാല്‍ പോരെ എന്നാണ് ആദ്യം താനും കരുതിയിരുന്നത്. എന്നാല്‍ നമ്മള്‍ മാത്രം നന്നായിരിക്കണം എന്നത് സ്വാര്‍ഥത അല്ലേ. ഒരു പരിധിക്കപ്പുറം പണം സമ്പാദിച്ചിട്ട് എന്ത് കാര്യം. ഈ ജീവിതം സമ്മാനിച്ച ജനങ്ങള്‍ക്ക് എന്താണ് തിരികെ നല്‍കാന്‍ പോകുന്നത്. ഇത്തരം പല ചോദ്യങ്ങള്‍ മനസ്സിലുയര്‍ന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആലോചിച്ചപ്പോഴാണ് രാഷ്ട്രീയം എന്ന് മനസ്സില്‍ വന്നത്. വരുംവരായ്കകളെ കുറിച്ച് ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെട്ടാല്‍ മാത്രമേ നമ്മളെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യാന്‍ കഴിയൂ എന്ന് മനസ്സില്‍ തോന്നി. അതാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇനി ഒന്നിനെ കുറിച്ചും ആലോചിക്കരുത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.