ചെന്നൈ: താംബരത്തുനിന്ന് ചെങ്കൽപ്പെട്ടിലേക്ക് 30.02 കിലോമീറ്റർ ദൈർഘ്യമുള്ള നാലാം റെയിൽപ്പാത നിർമാണം ജനുവരിയിൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ പാതയുടെ നിർമാണം പൂർത്തിയായാൽ സബർബൻ തീവണ്ടിക്കായി രണ്ടുപാതകൾ ലഭിക്കും. നിലവിലുള്ള മൂന്നാംപാതയും ഇനി നിർമിക്കുന്ന നാലാം പാതയും സബർബൻ തീവണ്ടി സർവീസിനുമാത്രമായി ഉപയോഗിക്കാം. ഇതിലൂടെ 100 സബർബൻ തീവണ്ടികൾ കൂടുതലായി ഓടിക്കാൻ കഴിയുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

To advertise here,

താംബരം-ചെങ്കൽപ്പെട്ടിൽ നാലാം റെയിൽപ്പാത നിർമിക്കാൻ 713 കോടി രൂപയാണ് നീക്കിവെച്ചത്. ഇപ്പോൾ ഈ റൂട്ടിൽ 1.5 ലക്ഷം പേരാണ് സബർബൻ തീവണ്ടികളിൽ യാത്ര ചെയ്യുന്നത്.

പാത നിർമിക്കാൻ 30 ഹെക്ടർ സ്ഥലമാണ് ആവശ്യമുള്ളത്. 27 ഹെക്ടർ ഏറ്റെടുത്തു. ബാക്കിയുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കയാണ്. പുതുതായി നിർമിക്കുന്ന പാതയിലൂടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ കഴിയുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

താംബരത്തിനും ചെങ്കൽപ്പെട്ടിനുമിടയിൽ ഗുഡുവാഞ്ചേരി, കാട്ടാൻകുളത്തൂർ, മേൽമറത്തൂർ തുടങ്ങിയ സ്ഥലങ്ങിൽ വ്യവസായസ്ഥാപനങ്ങളും ഒട്ടേറെ പാർപ്പിട സമുച്ചയങ്ങളുമുണ്ട്. എൻജിനിയറിങ് കോളേജുകൾ ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഐടി സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

അതുകൊണ്ടുതന്നെ ഇതുവഴിയുള്ള സബർബൻ തീവണ്ടികളിൽ എപ്പോഴും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ റൂട്ടിലാണ് കിളാമ്പാക്കം ബസ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. ബസ് സ്റ്റാൻഡിലേക്ക് എത്താനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ സബർബൻ തീവണ്ടികളെയാണ് ആശ്രയിക്കുന്നത്.

വർഷത്തിൽ 1.344 ദശലക്ഷം ടൺ ചരക്ക് നീക്കവും നാലാംപാത വരുന്നതോടെ സാധ്യമാകുമെന്നാണ് കരുതുന്നത്. ഇതോടെ, റെയിൽവേയ്ക്ക് ഒരു വർഷത്തിൽ 157 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.