ന്യൂഡല്‍ഹി: ഐ.ഐ.എം കോഴിക്കോട് നടത്തുന്ന 'ഇമേഴ്‌സിങ്‌ വിത്ത് ഇന്ത്യന്‍ തോട്ട്സ്' എന്ന ഓണ്‍ലൈന്‍ കോഴ്സിന്റെ ഭാഗമാകാന്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തില്‍ നിന്നുള്ളവരും. ഇന്ത്യന്‍ എംബസി മുഖേന അപേക്ഷകള്‍ വിളിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കോഴ്സിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട് ഐ.ഐ.എമ്മില്‍ ചൊവ്വാഴ്ചയാണ് കോഴ്സ് ആരംഭിക്കുന്നത്.

To advertise here,

അഫ്ഗാനിസ്താന് പുറമെ മറ്റ് പല രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപ്പറേഷന്‍ പ്രോഗ്രാമിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാം. ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രോഗ്രാം മാര്‍ച്ച് 17-ഓടെ അവസാനിക്കും.

മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുന്നതാണ് കോഴ്സിന്റെ ഉള്ളടക്കം. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം, സംസ്‌കാരം, സാമൂഹിക അന്തരീക്ഷം എന്നിവ പഠിക്കാനുള്ള അവസരമായിരിക്കും കോഴ്സിലൂടെയൊരുക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രതിനിധികള്‍, ബിസിനസുകാര്‍, സംരംഭകര്‍ എന്നിങ്ങനെ 30 പേരാണ് പങ്കുചേരുക. കോഴ്സ് ഓണ്‍ലൈനായതിനാല്‍ അഫ്ഗാനില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്ക് ഇങ്ങോട്ടേക്ക്‌ യാത്ര ചെയ്യേണ്ടതില്ല എന്നതും ഇവരെ കോഴ്സിലേക്ക് ആകര്‍ഷിക്കാനുള്ള കാരണമാണ്.

അഫ്ഗാനിസ്താന്‍ താലിബാന്‍ ഏറ്റെടുത്തതിന് ശേഷം 2022 ജൂലൈയില്‍ കാബൂളില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറന്നിരുന്നു.