
അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള നയത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നുവെന്നാണ് സൂചന. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതില്‍ നിന്ന് മാറ്റം വരുന്നതിന്റെ സൂചനയായിട്ടാണ് ഇന്ത്യന്‍ സംഘത്തിന്റെ അഫ്ഗാന്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. കൂടിക്കാഴ്ച നടത്തിയതും അതിനെക്കുറിച്ച് താലിബാന്‍ വൃത്തങ്ങളുടെ പ്രതികരണവും റിപ്പോര്‍ട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയാണ്
അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ദിവസങ്ങള്‍കൊണ്ടാണ് താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചത്. അമേരിക്കയുടെ പിന്തുണയോടെ, ജനാധിപത്യപരമായി മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ നിരവധി നിക്ഷേപങ്ങളാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം അഫ്ഗാനില്‍ നടത്തിയത്. ഇതിന്റെയെല്ലാം തുടര്‍ച്ച ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, താലിബാന്‍ ഭരണത്തിന് അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടു. മാനുഷികതയുടെ പേരിലുള്ള സഹായങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അഫ്ഗാന് ലഭിക്കുന്നത്. അതില്‍ നിന്നൊരു മാറ്റം താലിബാനും ആഗ്രഹിക്കുന്നുണ്ട്. മുമ്പ് ഇന്ത്യയുടെ ബദ്ധവൈരിയായിരുന്ന താലിബാന്റെ ഉറ്റമിത്രമായിരുന്നു പാകിസ്താന്‍. എന്നാല്‍, ഇന്ന് അതിര്‍ത്തിപ്രശ്‌നത്തിന്റെ പേരില്‍ താലിബാനും പാകിസ്താനും തര്‍ക്കത്തിലാണ്. ആ തര്‍ക്കം ഒളിഞ്ഞും തെളിഞ്ഞും പതിയെ വലുതായിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഇന്ത്യ താലിബാന് കൈകൊടുക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഭീകരതയും ഇന്ത്യയും താലിബാനും
താലിബാന്‍ അഫ്ഗാനിസ്താനിലെ ഭരണം പിടിച്ചതിനെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ കണ്ടിരുന്നത്. കാരണം, ഇന്ത്യാവിരുദ്ധ ഭീകരവാദ സംഘടനകള്‍ക്ക് അഫ്ഗാനിസ്താന്‍ തണലും സംരക്ഷണവും നല്‍കുമെന്നതായിരുന്നു പ്രധാന ആശങ്ക. കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഒരിക്കലും ഇന്ത്യയ്ക്ക് മറക്കാനാകില്ല. 1999ലാണ് ഇന്ത്യയുടെ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും വീഴ്ചയും സംഭവിച്ച വിമാന റാഞ്ചല്‍ നടന്നത്. പാക് ഭീകരര്‍ റാഞ്ചിയ വിമാനം അന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം ഭയന്ന് താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലേക്കാണ് കൊണ്ടുപോയത്.
ആ ചരിത്രമുള്ളപ്പോഴാണ് ഇന്ത്യ താലിബാന് കൈകൊടുക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഉദ്യോഗസ്ഥരാണ് അഫ്ഗാനിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ജെ.പി. സിങ്. ഇദ്ദേഹം നേരിട്ട് കണ്ട ഭരണാധികാരികളില്‍ ഒരാള്‍ ആരാണെന്നതാണ് പ്രധാനം.

സന്ദർശിച്ചപ്പോൾ. Photo Courtesy: X/MoDAfghanistan2
മുമ്പ് താലിബാന്റെ പ്രതാപകാലത്തും മോശം കാലത്തും അവരെ നയിച്ച മുല്ല ഒമറിനെ അറിയാത്തവര്‍ ഉണ്ടാകില്ല. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താനില്‍ ഭരണത്തിലിരുന്ന താലിബാന്‍ ഭരണകൂടത്തിന്റെ ഉന്നതാദ്ധ്യക്ഷനുമായിരുന്നു മുല്ല മുഹമ്മദ് ഒമര്‍ എന്ന മുല്ല ഒമര്‍. പിന്നീട് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ എത്തിയതോടെ മുല്ല ഒമര്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. അവിടെ ഇരുന്നായിരുന്നു ഇയാള്‍ സംഘടനയെ നിയന്ത്രിച്ചിരുന്നത്. ആ മുല്ല ഒമറിന്റെ മകനായ മുഹമ്മദ് യാക്കൂബ് മുജാഹിദുമായാണ് ജെ.പി സിങ് കൂടിക്കാഴ്ച നടത്തിയത്. മുഹമ്മദ് യാക്കൂബ് ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന്റെ പ്രതിരോധമന്ത്രിയാണ്. ഇതിന് പുറമെ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുമായും ജെ.പി. സിങ് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
യോഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് താലിബാന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ജെ.പി സിങ് അഫ്ഗാനിലേക്ക് പോയതോ ചര്‍ച്ച നടത്തിയതോ ഇന്ത്യ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. രാജ്യം നയതന്ത്രപരമായി അംഗീകരിക്കാത്ത ഒരു ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിക്കുന്നതിലെ പരിമിതിയാവാം കാരണം. എന്നാല്‍, ബുധനാഴ്ച നടന്ന കൂടിക്കാഴ്ച താലിബാനുമായി കൂടുതല്‍ അടുക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണെന്നാണ് താലിബാന്‍ വക്താക്കള്‍ പറയുന്നത്.
ഇന്ത്യാ- അഫ്ഗാന്‍ നയതന്ത്ര ബന്ധം, വ്യാപാരം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയായെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ ചര്‍ച്ചയെപ്പറ്റി കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നല്ല തുടക്കം എന്നാണ് ചര്‍ച്ചയേപ്പറ്റി വിദേശകാര്യ വക്താവ് അബ്ദുള്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞത്.
ഇന്ത്യയുടെ ആശങ്കയും അഫ്ഗാനിസ്താനും
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പിന്നാലെ ഉണ്ടായിരുന്നത്. അതിലൊന്ന് ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് അഫ്ഗാന്‍ മണ്ണില്‍ ഇടമുണ്ടായേക്കുമെന്നായിരുന്നു. എന്നാല്‍, നിലവിലെ ലോക സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബന്ധം താലിബാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ അവര്‍ പരിഗണിച്ചിരുന്നുവെന്ന് വേണം ഇപ്പോഴത്തെ കൂടിക്കാഴ്ച നടന്നതിനെ കാണാന്‍. ഇന്ത്യയുടെ ആശങ്കയോട് അനുകൂലമായാണ് തങ്ങള്‍ പ്രതികരിക്കുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടത് താലിബാന്റെയും ആവശ്യമാണ്. അഫ്ഗാനില്‍ സ്ഥിരത നിലനിര്‍ത്താന്‍ അവര്‍ക്ക് ഇന്ത്യയെ ആവശ്യമാണ് താനും. വികസനത്തിനും പുനരുദ്ധാരണത്തിനും ഇന്ത്യന്‍ സഹായം അവര്‍ തിരിച്ച് പ്രതീക്ഷിക്കുന്നുണ്ട്.
കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് ആയുധ സഹായവും പരിശീലനവും താലിബാന്‍ നല്‍കുന്നില്ലെങ്കില്‍ അവരുമായി ഒരു അകല്‍ച്ച വെച്ചുപുലര്‍ത്തേണ്ട ആവശ്യം ഇന്ത്യയ്ക്കുമില്ല. പ്രത്യേകിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താനുമായി നിരന്തരം ഇടപെടുന്ന ഒരു രാജ്യമെന്ന നിലയില്‍ പാകിസ്താന് അപ്പുറത്ത് ഒരു സുഹൃത്തുള്ളത് എന്തുകൊണ്ടും നല്ലതാണെന്ന് ചിന്തിച്ചാല്‍ തെറ്റുപറയാനാകില്ല. പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് അഫ്ഗാനിസ്താനിലെ സ്ഥിരതയും ഇന്ത്യയുടെ ആവശ്യമാണ് താനും. താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അവരെ അനൗദ്യോഗികമായി ചൈന പിന്തുണയ്ക്കുന്നുമുണ്ട്. ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചൈനീസ് ചേരിയിലേക്ക് മറ്റൊരു രാജ്യവും പോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലും ഇന്ത്യയ്ക്കുണ്ട്.
നിലവില്‍ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനുള്ള മാനുഷിക ഇടപെടല്‍ മാത്രമാണ് ഇന്ത്യ അഫ്ഗാനില്‍ നടത്തുന്നത്. അതിന് പുറമെ മുമ്പ് നടത്തിയിരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ തയ്യാറാകുമെന്ന് താലിബാന്‍ കരുതുന്നുണ്ട്. ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം താലിബാന്റെ മറ്റ് ഭരണാധികാരികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇന്ത്യ താലിബാനുമായി അടുക്കുന്നത് ഒട്ടും താത്പര്യപ്പെടാത്ത രാജ്യമാണ് പാകിസ്താന്‍. താലിബാന്‍ അധികാരം പിടിച്ച സമയത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ആയിരുന്നത് ഇമ്രാന്‍ ഖാനായിരുന്നു. ഇടംവലം നോക്കാതെ അന്ന് പാകിസ്താന്‍ താലിബാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥ മറ്റ് ചിലതാണ്. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ഇന്ന് ഇരുകൂട്ടരും തമ്മില്‍ അകല്‍ച്ചയിലാണ്. ഇരുകൂട്ടരും തമ്മില്‍ സായുധ സംഘര്‍ഷം വരെ ഉണ്ടായിട്ടുമുണ്ട്.
ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇപ്പോള്‍ ഇവരുടെ ബന്ധത്തെ തകര്‍ത്തത്. പഷ്തൂണ്‍ വംശജര്‍ കൂടുതലായി അധിവസിക്കുന്ന ഈ പ്രദേശം തങ്ങളുടേതായിരുന്നുവെന്നാണ് താലിബാന്‍ പറയുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനിസ്താനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി നിര്‍ണയിച്ചത്. ഇതിനെ ഡ്യൂറന്റ് രേഖ എന്നാണ് വിളിക്കുന്നത്. 1893ലാണ് ഈ അതിര്‍ത്തി നിലവില്‍ വന്നത്. അന്നത്തെ അഫ്ഗാന്‍ ഭരണാധികാരി അബ്ദുര്‍ റഹ്‌മാന്‍ ഖാനാണ് ബ്രിട്ടീഷുകാരുമായി അതിര്‍ത്തി കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍, ഈ അതിര്‍ത്തി ഇപ്പോള്‍ താലിബാന്‍ അംഗീകരിക്കുന്നില്ല. ഖൈബര്‍ പക്തൂണ്‍ഖ്വ മുമ്പേതന്നെ അഫ്ഗാനിസ്താന്റെ ഭാഗമായിരുന്നുവെന്നാണ് താലിബാന്റെ വാദം.
പാകിസ്താനുമായുള്ള അതിര്‍ത്തി നോക്കിയാല്‍ ഈ പ്രദേശം തന്ത്രപ്രധാനമാണ്. അതിനാല്‍ ആ മേഖല വിട്ടുകൊടുക്കാന്‍ താലിബാന്‍ താത്പര്യപ്പെടുന്നില്ല. പാകിസ്താനും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. അങ്ങനെ വരുമ്പോള്‍ അതിര്‍ത്തിത്തര്‍ക്കം രൂക്ഷമാകുന്നത് പാകിസ്താന് ഭീഷണിയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും കിഴക്കന്‍ അതിര്‍ത്തിയിലും ഒരേസമയം തര്‍ക്കം നിലനില്‍ക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല. ഇന്ത്യ താലിബാനുമായി അടുത്താല്‍ ദോഷം ചെയ്യുമെന്ന് ആരും പറയാതെ തന്നെ പാകിസ്താന് മനസിലാകും. താലിബാന് മുമ്പുണ്ടായിരുന്ന സര്‍ക്കാരിന്റെ കാലത്തും അഫ്ഗാനുമായി പാകിസ്താന് നല്ല ബന്ധമുണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മോശമാകുന്നുവെന്നതാണ് അതിലുണ്ടായ പുരോഗതി. ഇവിടെയാണ് ഇന്ത്യയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നത്.
Key Points:
- India`s potential shift in policy towards Afghanistan`s Taliban government is hinted at after a delegation met with Afghan leaders.
- India has not officially recognized the Taliban government but the recent talks signal a possible change.
- The meeting was reported by Times of India and involved a delegation led by India`s Joint Secretary J.P. Singh.
- The delegation met with Afghan officials including the Defense Minister, Mullah Mohammad Yaqoob, who is the son of former Taliban leader Mullah Omar.
- The talks focused on strengthening ties, trade, and humanitarian aid.
- While India has not officially confirmed the meeting, the Taliban has publicly acknowledged it as a positive step towards improving relations.
- Pakistan is concerned about India`s potential engagement with the Taliban as their relationship with the Taliban has soured due to border disputes.
Content Highlights: India has taken a significant step in its diplomatic relations with Afghanistan
Published: 07 Nov 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented