അമേരിക്കൻ പട അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിനോട് തിരക്കിട്ട് യാത്രപറഞ്ഞ ശേഷം കണ്ട ദൃശ്യങ്ങൾ ഇനിയും മനസ്സിൽനിന്നും മാഞ്ഞിട്ടില്ല. മൂന്നു വർഷം മുമ്പായിരുന്നു അത്. ഏതുവിധേനയും രാജ്യം വിടാൻ കാബൂൾ വിമാനത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾ, ഓടിത്തുടങ്ങിയ വിമാനത്തിന്റെ ചിറകിലും ചക്രത്തിലുമൊക്കെ പിടിച്ചുകയറാൻ ശ്രമിക്കുന്നവർ, വിമാനത്താവളത്തിന്റെ മതിലിലെ മുള്ളുവേലിക്കു മുകളിലൂടെ കുഞ്ഞിനെ ഉയർത്തി അമേരിക്കൻ സൈനികരെ ഏൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ... ജീവിതത്തിന്റെ സമസ്ത ദുരിതങ്ങളും ദുരന്തങ്ങളുമൊക്കെ ഒരുമിച്ച് ഒരേയിടത്ത് വന്നു തമ്പുകെട്ടും പോലുള്ള കാഴ്ചകൾ. അതേസമയം, അവിശ്വസനീയമാംവിധം ഭയാനകമായ ദുരന്തങ്ങളുടെ മധ്യത്തിലും പ്രത്യാശ സൂക്ഷിക്കാൻ കഴിയുന്ന മനുഷ്യമനസ്സിന്റെ വലിപ്പവും നാമന്നു കണ്ടു.

To advertise here,
placeholder
താലിബാന്‍ പ്രവര്‍ത്തകര്‍ അമേരിക്ക അഫ്ഗാനിസ്താന്‍ വിട്ട് പോയത് ആഘോഷിക്കുന്നു.( ഫയല്‍ ചിത്രം- AP)

താലിബാൻ 2021-ൽ അന്ന് അധികാരം പിടിക്കുമ്പോൾ ഏറ്റവും സന്തോഷിച്ചത് പാകിസ്താനായിരുന്നു. അന്നേരം അവിടെയെത്തിയ ഐഎസ്‌ഐ മേധാവി ഫൈസ് ഹമീദ് 'വിഷമിക്കേണ്ട, എല്ലാം ശരിയാവും' എന്ന് പറഞ്ഞതും ലോകം മറന്നിട്ടില്ല. സോവിയറ്റു യൂണിയനെതിരായ പോരാട്ടം മുതൽ അമേരിക്കയ്‌ക്കെതിരായ യുദ്ധംവരെ ദശകങ്ങളോളം താലിബാന്റെ വിശ്വസ്ത സഹായിയും സ്‌നേഹിതനുമായിരുന്നു പാകിസ്താൻ.

ആയുധങ്ങളും പടക്കോപ്പുകളും പണവുമൊക്കെ അവിടേയ്ക്ക് ഒഴുക്കുക മാത്രമല്ല, ആഭ്യന്തരയുദ്ധത്തിൽ തകർന്ന നാട്ടിൽ നിന്നും പലായനം ചെയ്ത പതിനായിരങ്ങൾക്ക് പാക് മണ്ണിൽ അഭയവും നൽകി. (അതിനൊക്കെ കണക്കു പറഞ്ഞ് അമേരിക്കയിൽ നിന്നും പാശ്ചാത്യരാജ്യങ്ങളിൽ നിന്നും മേടിച്ചിട്ടുമുണ്ട്!) പക്ഷേ, മൂന്നു വർഷം കഴിയുമ്പോഴേയ്ക്കും ഇരുരാജ്യങ്ങളും തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. തെഹ് രീക്കെ താലിബാൻ (ടി.ടി.പി.) പോരാളികൾക്കൊപ്പം ബലോച് ലിബറേഷൻ ആർമിയും (ബി.എൽ.എ) തോക്കുചൂണ്ടുമ്പോൾ പതറുകയാണ് പാകിസ്താൻ. ആ രാജ്യം ഛിന്നഭിന്നമായിപ്പോവും എന്നു വരെ ആശങ്കപ്പെടുന്നുണ്ട് നിരീക്ഷകർ.

placeholder
കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ് താലിബാൻ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി
കൂടിക്കാഴ്ച നടത്തിയപ്പോൾ (താലിബാൻ എക്‌സ് പോസ്റ്റിൽ പുറത്തുവിട്ട ചിത്രം)

താലിബാൻ അധികാരത്തിൽ വരുമ്പോൾ ഉൽക്കണ്ഠപ്പെട്ടിരിക്കണം ഇന്ത്യ. അവരുടെ ആദ്യഭരണകാലത്തെ ഇന്ത്യാവിരുദ്ധമായ നിലപാടുകൾ ആവർത്തിക്കുമോയെന്ന ഭയം. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല. അല്ലെങ്കിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലെ തന്ത്രപരമായ നീക്കങ്ങൾ താലിബാനെ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി എന്നും പറയാം. താലിബാനു മുമ്പുണ്ടായിരുന്ന സർക്കാരിനു നൽകിവന്ന സഹായങ്ങൾ ഇന്ത്യ തുടർന്നു, തുടരുന്നു. ഗോതമ്പ്, മരുന്നുകൾ, കോവിഡ് കുത്തിവെപ്പ്, ശൈത്യകാല വസ്ത്രങ്ങൾ തുടങ്ങിയവ വൻതോതിൽ ഇന്ത്യ അയച്ചു നൽകുന്നു. ചരിത്രപരമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ശക്തിപ്പെട്ടിട്ടേ ഉള്ളൂവെന്ന് നിരീക്ഷകർ പറയുന്നു. ഭൂരിഭാഗം അഫ്ഗാനികൾക്കും ഹിന്ദുസ്ഥാൻ വളരെ പ്രിയപ്പെട്ടതാണ്.

താലിബാനൊപ്പം, പാകിസ്താനെതിരെ

കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി താലിബാന്റെ ആക്ടിങ് വിദേശമന്ത്രി ആമിർഖാൻ മുത്താഖിയുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ഇത്രയും ഉയർന്ന തലത്തിൽ ഇന്ത്യയുടെ പ്രതിനിധി കാബൂളിലെ ഭരണകൂടവുമായി സംസാരിക്കുന്നത് മൂന്നു വർഷത്തിനിടെ ആദ്യമായാണ്. ഇറാനിലെ ചാബഹാർ തുറമുഖം വഴിയുള്ള വ്യാപാരം ശക്തിപ്പെടുത്തുക, ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് ഇസ്ലാമിക് എമിറേറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ. മാനുഷികസഹായ പരിപാടികൾക്കു പുറമേ,. അഫ്ഗാനിസ്ഥാനിൽ വികസന പദ്ധതികൾ നടപ്പാക്കാനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഉദ്ദേശിക്കുന്നതായി ഇന്ത്യയുടെ വിദേശമന്ത്രാലയം പറഞ്ഞു. ആയിരക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ വേണ്ട സഹായവും നൽകും. ഇന്ത്യയുടെ സുരക്ഷാപരമായ ഉൽക്കണ്ഠകൾ മനസ്സിലാക്കുന്നുവെന്നു പറഞ്ഞ താലിബാൻ അവരുടെ മണ്ണിൽ നിന്നും ഇന്ത്യയ്‌ക്കെതിരായ തീവ്രവാദം അനുവദിക്കില്ല എന്നു സൂചിപ്പിച്ചിട്ടുമുണ്ട്.

മിസ്രിയുടെ കൂടിക്കാഴ്ചയ്ക്ക് രണ്ടുദിവസം മുമ്പാണ് പാകിസ്താൻ അഫ്ഗാനിസ്താനിൽ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ പരസ്യമായി അപലപിച്ചത്. അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ ഡിസംബർ 24-ന് നടന്ന ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയൻമാരായിരുന്നു. രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിൽ ഇത്ര പരസ്യമായി ഇന്ത്യ അഭിപ്രായപ്രകടനം നടത്തുന്നത് അപൂർവമാണ്. ഈ നടപടി പ്രാദേശികമായ അധികാര ബലാബലത്തിൽ കാര്യമായ മാറ്റത്തിന്റെ സൂചനയാണ്. ഇന്ത്യ മേഖലയിലെ ഒരു പ്രധാനശക്തിയായി സ്വയം പ്രഖ്യാപിച്ചതായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

placeholder

ചരിത്രപരമായി ഇന്ത്യ താലിബാന്റെ കാര്യത്തിൽ കരുതലോടെയുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. കാരണം അവർക്ക് പാകിസ്താനുമായുള്ള അടുത്ത ബന്ധം തന്നെ. ഡോവൽ കാലഘട്ടത്തിൽ ഇന്ത്യൻ വിദേശനയത്തിലുണ്ടായ വളരെ പ്രായോഗികമായ ഒരു പുനക്രമീകരണമാണ് നടന്നിരിക്കുന്നത്. താലിബാന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിസ്ഥാൻ, ആ രാജ്യത്ത് തന്ത്രപരമായ നിരവധി താല്പര്യങ്ങൾ ഇന്ത്യയ്ക്കുണ്ട്- താലിബാനുമായി സഹകരിച്ചേ മതിയാവൂ; അഫ്ഗാനിസ്ഥാനിലെ പാകിസ്താന്റെ സ്വാധീനത്തെ ചെറുക്കുന്നതും പരമപ്രധാനമാണ്. അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. അഫ്ഗാനിസ്താൻ അസ്ഥിരപ്പെടുകയോ, ഇന്ത്യാവിരുദ്ധമായ ഭരണകൂടം ഉണ്ടാവുകയോ ചെയ്താൽ അവിടെനിന്നുള്ള തീവ്രവാദത്തിന്റെയും മയക്കുമരുന്നുകടത്തിന്റെയും ചില തിക്തഫലങ്ങൾ ഇന്ത്യയെ ബാധിക്കുമെന്നുറപ്പാണ്. അഭയാർത്ഥിപ്രശ്‌നം പുറമേയും.

ഇന്ത്യ അടക്കമുള്ള വിദേശരാഷ്ട്രങ്ങളൊന്നും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും താലിബാൻ അധികാരത്തിൽ തിരിച്ചെത്തി ഒരു വർഷം ആകുന്നതിനുമുമ്പ് തന്നെ- 2022 ജൂണിൽ- ഇന്ത്യ കാബൂളിൽ എംബസി ആരംഭിച്ചിരുന്നു. കുറെ സാങ്കേതിക വിദഗ്ധരെ മിഷൻ നടത്താൻ അയക്കുകയും ചെയ്തു. അതേസമയം ഡൽഹിയിലെ അഫ്ഗാനിസ്ഥാന്റെ എംബസി 2003 നവംബറിൽ അടച്ചു. താലിബാൻ പുറത്താക്കിയ അഫ്ഗാനിലെ മുൻസർക്കാർ പ്രതിനിധികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവർക്ക് ഇന്ത്യ വിസ പുതുക്കിക്കൊടുത്തില്ല. കഴിഞ്ഞ നവംബറിൽ താലിബാൻ മുംബൈയിൽ ഒരു കോൺസലിനെ നിയോഗിച്ചു.

placeholder

പാകിസ്താനും താലിബാനും ടി.ടി.പിയും

പക്തികയിലെ വ്യോമാക്രമണത്തെ തുടർന്ന് താലിബാൻ തിരിച്ചടി തുടങ്ങിയിട്ടുണ്ട്. സംഘർഷം ഇത്രയും വ്യാപിച്ചതിൽ അത്ഭുതപ്പെടാനുമില്ല. ഇന്നല്ലെങ്കിൽ നാളെ അതുണ്ടാകുമെന്ന് ഊഹിക്കാമായിരുന്നു. കുറച്ചുനാളായി പ്രശ്‌നം വഷളാകാൻ തുടങ്ങിയിട്ട്. അതിന് പ്രധാന കാരണം ഡ്യൂറന്റ് ലൈൻ- പാകിസ്താനെയും അഫ്ഗാനിസ്താനെയും വേർതിരിക്കുന്ന രേഖ- ആണ്. ഈ രേഖയ്ക്ക് ഇരുപുറവുമായി താമസിക്കുന്നത് നാലുകോടിയോളം പഷ്തൂൺ വംശജരാണ്. അവരെ വെട്ടിമുറിക്കുന്ന ഈ അതിർത്തി അവർക്ക് അംഗീകരിക്കാനാവില്ല. കുറച്ചുകാലമായി ഈ അതിർത്തി മേഖലയിൽ സംഘർഷം തുടങ്ങിയിട്ട്.

അടിസ്ഥാനകാരണം ഇതാണെങ്കിലും താലിബാന്റെ വരവോടെ ടി.ടി.പി ശക്തിപ്പെട്ടതാണ് പാകിസ്താനെ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലെത്തിച്ചത്. പാകിസ്താനിൽ ഇസ്ലാമികഭരണം കൊണ്ടു വരികയാണ് ടി.ടി.പിയുടെ ലക്ഷ്യം. അതിനായി അവർ പാക് സൈനികരെയും ഉദ്യോഗസ്ഥരെയുമൊക്കെ ആക്രമിക്കുന്നു, അതിനു ശേഷം അതിർത്തി കടന്ന് അഫ്ഗാനിസ്താനിൽ അഭയം തേടുന്നു. നേരിട്ടുള്ള ബന്ധമില്ലെങ്കിലും താലിബാൻ ടി.ടി.പിയെ പിന്തുണയ്ക്കുന്നതായി പാകിസ്താൻ ആരോപിക്കുന്നു. അഫ്ഗാനിസ്താനിലെ ടി.ടി.പിയുടെ സുരക്ഷിത താവളങ്ങൾ പ്രവർത്തിക്കാൻ താലിബാന്റെ മൗനസമ്മതമുണ്ടെന്നാണ് പാകിസ്താൻ പറയുന്നത്. വ്യോമാക്രമണം നടത്തിയത് അതുകൊണ്ടാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷേ, താലിബാന് ടി.ടി.പിക്കെതിരെ നടപടിയെടുക്കാൻ ബുദ്ധിമുട്ടാണ്. അത് അവരുടെ സഖ്യകക്ഷി സർക്കാരിനെ ഉലയ്ക്കാൻ സാധ്യതയുണ്ട്.

placeholder

ദശകങ്ങളായി അഫ്ഗാനിസ്ഥാനുമായി അടുത്ത ബന്ധമുണ്ടായിട്ടും പാകിസ്താന് പിഴച്ചതെവിടെയാണ്? ഒരുപക്ഷേ, അഫ്ഗാനികളുടെ സ്വാതന്ത്ര്യബോധത്തെയും പോരാട്ടവീര്യത്തെയും മനസ്സിലാക്കാൻ അവർക്ക് കഴിയാതെ പോയതായിരിക്കാം കാരണം. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഈ ഭൂപ്രദേശത്തെ ജനതയെ പൂർണമായും കീഴടക്കാൻ ലോകത്തിലെ ഒരു സാമ്രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അലക്‌സാണ്ടർ മുതൽ ബ്രിട്ടീഷ് സാമ്രാജ്യവും സോവിയറ്റു യൂണിയനും അമേരിക്കയുമൊക്കെ അതു തിരിച്ചറിഞ്ഞത് വലിയവില കൊടുത്ത ശേഷമാണ്. താലിബാൻ തിരിച്ചെത്തിയപ്പോൾ ഇനി ഞങ്ങൾ തീരുമാനിക്കും എന്ന രീതിക്കുള്ള പാകിസ്താൻ നിലപാടുകൾ അവർക്ക് ദഹിച്ചിട്ടുണ്ടാവില്ല. ഒരുതരത്തിലുള്ള വിദേശ ഇടപെടലും അവർ സഹിക്കുകയില്ല. ഇന്ത്യ അത് വ്യക്തമായി മനസ്സിലാക്കിത്തന്നെയാണ് പ്രവർത്തിക്കുന്നത് എന്നു നമുക്കു കാണാം.

തമോഗർത്തത്തിന്റെ വക്കിൽ പാകിസ്താൻ

രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകളിൽ കടുത്ത പ്രതിസന്ധികളിലാണ് പാകിസ്താൻ. കടുത്ത വിഭാഗീയതയും ആശാന്തിയും നാട്ടിൽ നിറഞ്ഞു നിൽക്കുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പതറിനിൽക്കുമ്പോൾ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ അനുയായികൾ രാജ്യമെങ്ങും ശക്തമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഷെരീഫ് സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് അവർ നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കും വെടിവെപ്പിനും വരെ വഴിവയ്ക്കുന്നു. ഈ പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ പട്ടാളമേധാവിയുടെ ശക്തി വർദ്ധിപ്പിക്കുകയും ജുഡീഷ്യൽ അധികാരം കുറയ്ക്കുകയും ചെയ്യുന്നതു പോലുള്ള ജനാധിപത്യവിരുദ്ധ നടപടികൾ സർക്കാർ സ്വീകരിക്കുന്നു.

ടി.ടി.പിയും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും (ബി.എൽ.എ)യും കൈകോർക്കുന്നതും പാകിസ്താന്റെ പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നു. അതിർത്തി കടന്ന് പാകിസ്താനിലെ ആക്രമണങ്ങൾ ടി.ടി.പി വർധിപ്പിക്കുമ്പോൾ പാക് സൈന്യത്തിന്റെ നിവൃത്തികേടു മുതലെടുത്ത് വലിയ ആക്രമണങ്ങൾക്ക് മുതിരുകയാണ് ബി.എൽ.എ. അവർ ബലൂചിസ്ഥാനിലെ സൈനികരെ മാത്രമല്ല, സുരക്ഷാസംവിധാനങ്ങളെയും അടിസ്ഥാനസൗകര്യ പദ്ധതികളെയുമൊക്കെ ആക്രമണ വിധേയമാക്കുന്നു. പാകിസ്താനിലെ ഏറ്റവും വലിയ സംസ്ഥാനമായ, ധാതുവിഭവ സമൃദ്ധമായ ബലൂചിസ്താനിലെ (പാകിസ്താന്റെ 44 ശതമാനത്തോളം വലിപ്പം) ജനങ്ങൾ കടുത്ത അവഗണന നേരിടുകയാണ്. ദീർഘകാലമായി നിലനിൽക്കുന്ന ദുരിതങ്ങളും പരിഹരിക്കാത്ത പരാതികളും മനുഷ്യാവകാശങ്ങളെ പാക് പട്ടാളം ചവിട്ടി മെതിക്കുന്നതുമൊക്കെയാണ് ജനത്തെ തോക്കെടുപ്പിച്ചത്.  

placeholder

കഴിഞ്ഞ ഒരു ദശകത്തിൽ വച്ച് ഏറ്റവുമധികം പാക് സുരക്ഷാസൈനികർ കൊല്ലപ്പെട്ട വർഷമായിരുന്നു 2024 എന്ന് സെന്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിന്റെ റിപ്പോർട്ട് പറയുന്ന. ദിവസം ശരാശരി ഏഴു ജീവനുകൾ നഷ്ടപ്പെടുന്നു.  ആകെ 685 മരണം, 444 തീവ്രവാദി ആക്രമണം. 2023 നേക്കാൾ 40 ശതമാനം വർദ്ധനവാണ് തീവ്രവാദി ആക്രമണങ്ങളിൽ ഉണ്ടായിരിക്കുന്നത്. 950 തീവ്രവാദികളെ കൊന്നിട്ടുണ്ട്. പാകിസ്താനിലെ ആറ്റമിക് എനർജി കമ്മീഷനിലെ 16 തൊഴിലാളികളെ ടി.ടി.പി തട്ടിക്കൊണ്ടുപോയതാണ് ഈ പരമ്പരയിലെ അവസാനസംഭവം. ഇവരിൽ എട്ടുപേരെ മോചിപ്പിച്ചതായി പാകിസ്താൻ അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, തൊഴിലാളികളെയല്ല, ആണവ ശാസ്ത്രജ്ഞരെയാണ് എന്നും വാദമുണ്ട്. ടി.ടി.പി പാകിസ്താനിലെ യുറേനിയം ഖനിയിൽ നിന്നും വലിയ തോതിൽ യുറേനിയം പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

പാകിസ്താൻ തകർന്നുപോയാൽ, ചിലർ പ്രവചിക്കുന്നതു പോലെ മൂന്നു രാജ്യങ്ങളായി ചിതറിയാൽ ദക്ഷിണേഷ്യയ്ക്കും അത് ദീർഘകാലം തലവേദനയായിരിക്കും. അണുവായുധമുള്ള പരാജിതരാജ്യം ആഗോളസുരക്ഷയ്ക്കും തലവേദനയാണ്. അതിന്റെ നിയന്ത്രണം ആരുടെ കൈയിൽ ചെന്നു ചേരുമെന്ന് ആർക്കറിയാം? അയൽപക്കത്തെ അസ്ഥിരത പലതരത്തിൽ നമ്മുടെ സ്വസ്ഥതയെയും ബാധിക്കും.