കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവുമധികക്കാലം തുടര്‍ച്ചയായി പരസ്യപ്രചാരണത്തില്‍ കഥാപാത്രമായ അമുല്‍ ഗേളിന് വേണ്ടി ഒരു കുട്ടി മോഡലിനായുള്ള തിരച്ചിലിലായിരുന്നു പരസ്യമേഖലയിലെ അതികായന്‍ സില്‍വസ്റ്റര്‍ ഡാകുന. തന്റെ മുന്നിലിരിക്കുന്ന 712-ഓളം ചിത്രങ്ങളില്‍ ഒന്നിലും അദ്ദേഹം തൃപ്തനായില്ല. മനസ്സിലെ അമുല്‍ ഗേളുമായി തന്റെ മുന്നിലിരിക്കുന്ന ചിത്രങ്ങളിനൊന്നിനും വിദൂരസാദൃശ്യം പോലുമില്ല. അങ്ങനെയിരിക്കെയാണ് ഡാകുനയ്ക്ക് തന്റെ മലയാളിയായ ഒരു സുഹൃത്തിന് രണ്ടുസുന്ദരികളായ പെണ്‍മക്കളും ഒരുമകനും ഉണ്ടെന്ന് ഓര്‍മവരുന്നത്.
ഉടന്‍ തന്നെ ഡാകുന സുഹൃത്തിനെ വിളിച്ച് അമുലിന്റെ പരസ്യത്തിലേക്ക് മൂത്തമകളുടെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു. തപാല്‍ പൊട്ടിച്ച് ചിത്രം പുറത്തെടുത്തപ്പോള്‍ തന്നെ 'വെണ്ണക്കുടം' പോലുള്ള ഒന്നരവയസ്സുകാരിയെ മോഡലായി തീരുമാനിക്കുകയുംചെയ്തു. കുട്ടിയുടെ മാസ്‌കോട്ട്(കാര്‍ട്ടൂണ്‍ രൂപം) അങ്ങനെ ഇന്നും മാറാതെ അമുലിന്റെ മുഖമായി.

സില്‍വസ്റ്റര്‍ ഡാകുനയുടെ ഈ മലയാളിയായ സുഹൃത്തിനേയും അദ്ദേഹത്തിന്റെ മക്കളേയും മലയാളികള്‍ക്ക് സുപരിചിതമാണ്. പാലക്കാടുകാരനായ ചന്ദ്രന്‍ തരൂരിന്റെ മകളും വിശ്വപൗരന്‍ ശശി തരൂരിന്റെ സഹോദരിയുമായ ശോഭ തരൂര്‍ ശ്രീനിവാസനാണ്, നാമിന്നും കാണുന്ന പുള്ളിയുടുപ്പിട്ട, പോണി ടെയില്‍ കെട്ടിയ ആ പെണ്‍കുട്ടി.
ഗുജറാത്തിലെ വ്യവസായിയായ ത്രിഭുവന്‍ദാസ് പട്ടേല്‍ ഗുജറാത്തില്‍ 1948-ല്‍ തുടക്കമിട്ട ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് എന്ന 'അമുല്‍' സഹകരണ ഡെയറിയുടെ പരസ്യചിത്രത്തിലേക്ക് ശോഭ എത്തുന്നത് അവിചാരിതമായാണ്. 1966-ല്‍ വര്‍ഗീസ് കുര്യന്റെ കാലത്ത് അമുല്‍ ബട്ടറിനായി ഒരു പരസ്യം തയ്യാറാക്കാനുള്ള അവസരം സില്‍വസ്റ്റര്‍ ഡാകുനയുടെ പരസ്യ ഏജന്‍സിക്കാണ് ലഭിച്ചത്. ഇന്ത്യയിലെ എല്ലാവീടുകളിലും ഇടംനേടുന്നതിനായി പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്നും തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പരസ്യത്തിനായി ക്ഷണിച്ചു. അങ്ങനെ ലഭിച്ച 700-ഓളം ചിത്രങ്ങളില്‍ സംതൃപ്തനാവാതെയാണ് ഡാകുന ശോഭയെ അമുല്‍ ഗേളായി തിരഞ്ഞെടുക്കുന്നത്.
ഡാകുനയുടെ മരണത്തില്‍ അനുശോചിച്ച് ശോഭ തരൂര്‍ ശ്രീനിവാസന്‍ ട്വീറ്റ് ചെയ്തിരുന്നു. ഡാകുന തന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പുതിയ തലമുറയെ വളര്‍ത്തുന്നതില്‍ വിശാലമായ സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. തന്നെ അമുല്‍ ഗേളിന്റെ ആദ്യമുഖമായി അവര്‍ തിരഞ്ഞെടുത്തുവെന്നും അവര്‍ ഓര്‍മിച്ചു.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ശോഭ തരൂര്‍ അറിയപ്പെടുന്ന ബാലസാഹിത്യകാരിയാണ്. ശ്യാം ബനഗലായിരുന്നു അമുല്‍ ഗേളായി തിരഞ്ഞെടുക്കപ്പെടുന്ന ശോഭയുടെ ചിത്രം പകര്‍ത്തിയത്. തന്റെ ഓര്‍മയിലെ ഏക പരസ്യമോഡലിങ് അമുലിന് വേണ്ടിയുള്ളതായിരുന്നെങ്കിലും മിസ് നിവ്യ, മിസ് കൊല്‍ക്കത്ത പീജ്യന്റായും തിരഞ്ഞെടുക്കപ്പെട്ടതായി ശോഭ ഓര്‍ക്കുന്നു.. 2022-ല്‍ മികച്ച വോയ്‌സ് ഓവര്‍ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ശോഭാ തരൂര്‍ നേടിയിരുന്നു. കേരള ടൂറിസത്തിനുവേണ്ടി ഇന്‍വിസ് മള്‍ട്ടിമീഡിയ നിര്‍മിച്ച് സിറാജ് ഷാ സംവിധാനംചെയ്ത 'റാപ്സഡി ഓഫ് റെയിന്‍സ്-മണ്‍സൂണ്‍സ് ഓഫ് കേരള' എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്‌കാരം ലഭിച്ചത്.
അമുലുമായി തരൂര്‍ കുടുംബത്തിന് തുടര്‍ന്നും ബന്ധമുണ്ടായിരുന്നു. കമ്പനി കൂടുതല്‍ പരസ്യങ്ങള്‍ പുറത്തിറക്കിയപ്പോള്‍ ചന്ദ്രന്‍ തരൂരിന്റെ ഇളയ മകള്‍ സ്മിതയും മോഡലായി. സ്മിതയായിരുന്നു ആദ്യത്തെ കളര്‍ഫുള്‍ അമുല്‍ ബേബി.
Content Highlights: Sylvester daCunha first ever Amul baby Chandran Tharoor Shobha Tharoor Srinivasan Shashi Tharoor
Published: 23 Jun 2023, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented