ന്യൂഡല്‍ഹി: നഗരമാലിന്യത്തിന്റെ പേരില്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളി സ്വാതി മാവിവാള്‍ എംപി. ഡല്‍ഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച സ്വാതി, നഗരത്തിലെ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പേരില്‍ കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് അവര്‍ മാലിന്യം അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ തള്ളി പ്രതിഷേധിച്ചത്. എഎപിയുടെ രാജ്യസഭാ എംപിയാണ് സ്വാതിമാലിവാള്‍. എന്നാല്‍ കെജ്‌രിവാളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ഏറെനാളായി പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. 

To advertise here,

ഫെബ്രുവരി അഞ്ചിന് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആംആദ്മി ദേശീയ കണ്‍വീനര്‍ക്കെതിരെയാണ് സ്വാതിമാലിവാളിന്റെ  പ്രതിഷേധം. പ്രദേശവാസികള്‍ക്കൊപ്പമാണ് മാലിവാള്‍ വികാസ്പുരി പ്രദേശത്തെ ഒരു മാലിന്യക്കൂമ്പാരം സന്ദര്‍ശിച്ചത്. ഈ മാലിന്യം അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് കൊണ്ടുപോകുമെന്നും ഡല്‍ഹിക്ക് അദ്ദേഹം നല്‍കിയ ഈ വൃത്തികെട്ട സമ്മാനം എന്തുചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിക്കുമെന്നും അവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും സ്ഥിതി വഷളായതായി അവര്‍ ആരോപിച്ചു. 'ഡല്‍ഹിയുടെ എല്ലാ മുക്കും മൂലയും വൃത്തിഹീനമാണ്. റോഡുകള്‍ തകര്‍ന്നിരിക്കുന്നു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകുന്നു. കെജ്രിവാള്‍ ഇപ്പോള്‍ ഒരു ആം ആദ്മി (സാധാരണക്കാരന്‍) അല്ല. ഡല്‍ഹിയുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച്അദ്ദേഹത്തിന് ഒരു ധാരണയുമില്ല,' -മാലിവാള്‍ പറഞ്ഞു. ഈ പ്രതിഷേധം ഒരു പാര്‍ട്ടിക്കും എതിരല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തിന്റെ പ്രശ്‌നങ്ങളുമായുള്ള ബന്ധം കെജ്രിവാളിന് നഷ്ടപ്പെട്ടുവെന്നും മാലിവാള്‍ പറഞ്ഞു. എന്നാല്‍ കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാലിന്യം തള്ളിയതിന് പിന്നാലെ സ്വാതി മാലിവാളിനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.