സൂറത്ത്: കൈവശം ഒരു ലക്ഷത്തിലധികം രൂപയുണ്ടായിട്ടും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ യാചകന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 50 വയസ്സിനടുത്ത് പ്രായമുള്ള ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഒരു യാചകൻ റോഡരികിൽ കിടക്കുന്നതായി സൂറത്തിലെ ഗാന്ധി ലൈബ്രറിക്കടുത്തുള്ള കടയുടമയാണ് പോലീസിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ പക്കൽനിന്ന് 1.14 ലക്ഷത്തോളം രൂപ പോലീസ് കണ്ടെത്തിയത്. 500 രൂപയുടെ 38 നോട്ടുകൾ, 200 രൂപയുടെ 83 നോട്ടുകൾ, 100 രൂപയുടെ 537 നോട്ടുകളും 10 രൂപ, 20 രൂപ നോട്ടുകളുമാണ് ലഭിച്ചത്. പണം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ധരിച്ചിരുന്ന സ്വെറ്ററിന്റെയും പാന്റിന്റെയും പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോൾ ചായ വാങ്ങിത്തരുമോയെന്ന് ജീവനക്കാരോട് ചോദിച്ചതായി പരിശോധിച്ച ഡോക്ടർ പറയുന്നു. ദിവസങ്ങളോളം പട്ടിണിയിലായിരുന്നു ഇദ്ദേഹം. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണപ്പെടുകയും ചെയ്തു.
ഗുജറാത്തി ഭാഷയിലാണ് തങ്ങളോട് സംസാരിച്ചതെന്നും ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: surat begger dies of hunger despite having 1 lakh rupees
Published: 05 Dec 2023, 12:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented