ന്യൂഡൽഹി: ആർത്തവാവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരമൊരു നിയമം നിലവിൽവന്നാൽ തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖതകാണിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്നോ ആർത്തവം എന്തോ മോശമായ ഒന്നാണെന്നോ ഉള്ള തെറ്റായധാരണ ഇത് സമൂഹത്തിൽ സൃഷ്ടിക്കുമെന്നും അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു.
തൊഴിലുടമകളുടെ നിലപാട് പരിഗണിക്കാതെ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. നിലവിൽ ചില സ്വകാര്യ കമ്പനികൾ ആർത്തവാവധി നൽകുന്നുണ്ടെങ്കിലും അത് സ്വമേധയാ നൽകുന്നതാണെന്നും അത് നിയമപരമായി നിർബന്ധിക്കുന്നത് സ്ത്രീകളുടെ കരിയർതന്നെ ഇല്ലാതാക്കാൻ കാരണമാകുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ സർവ്വകലാശാലകളിൽ വിദ്യാഥിനികൾക്ക് ആർത്തവാവധി അനുവദിച്ച കാര്യം സീനിയർ അഭിഭാഷകൻ എം.ആർ. ഷംഷാദ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ലിംഗനീതി അടിസ്ഥാനമാക്കിയുള്ള സമൂഹത്തെ യാഥാർത്ഥ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്വകാര്യ കമ്പനികളും സമാനമായ ഇളവുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനുവരിയിൽ, പെൺകുട്ടികളുടെ ജീവിക്കാനുള്ള അവകാശം, അന്തസ്സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുടെ അവിഭാജ്യ ഘടകമാണ് ആർത്തവ ശുചിത്വം എന്ന് സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാലയും ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകൾ, വൃത്തിയുള്ള ശുചിമുറികൾ, ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവത്കരണം എന്നിവ ഉറപ്പാക്കാൻ എല്ലാ സർക്കാരുകൾക്കും കോടതി കർശന നിർദ്ദേശം നൽകിയിരുന്നു.
Content Highlights: Supreme Court warns that mandatory menstrual leave could negatively impact women's employment prospects.
Published: 13 Mar 2026, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented